ശബരിമല നട ഇന്നു വൈകുന്നേരം തുറക്കും

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിക്കും

പത്തനംതിട്ട: ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. നാളെ നടക്കുന്ന പ്രതിഷ്ഠാദിനത്തിന് മുന്നോടിയായുള്ള പൂജകള്‍ക്കായിട്ടാണ് നട തുറക്കുന്നത്. അഞ്ച് മണിക്കാണ് നട തുറക്കുക. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിക്കും. പിന്നീട് ഭക്തര്‍ക്കായി തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. ഇന്ന് പൂജകളൊന്നും ഉണ്ടാകില്ല.

ശബരിമല നാളെ പ്രതിഷ്ഠാദിന പൂജകള്‍ കഴിഞ്ഞ് രാത്രി പത്തിന് ഹരിവരാസനം പാടി അടയ്ക്കും. മിഥുനമാസ പൂജകള്‍ക്കായി 15 നാണ് ശബരിമലനട വീണ്ടും തുറക്കുക. മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. നടതുറന്നിരിക്കുന്ന അഞ്ച് ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. ഇരുപതിന് രാത്രി ശബരിമലനട അടയ്ക്കും.

Exit mobile version