കണ്ണാടിപ്പാലത്തിലൂടെ നടക്കാന്‍ ഇനി നാട് വിടേണ്ട, വയനാട്ടിലേയ്ക്ക് പോയാല്‍ മതി; ഇത് സൗത്ത് ഇന്ത്യയില്‍ ആദ്യം, വീഡിയോ

സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിയിരിക്കുന്നത്.

കല്‍പ്പറ്റ: കണ്ണാടി പാലത്തിലൂടെ പലരും നടക്കുന്ന വീഡിയോയും മറ്റും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഒരിക്കലെങ്കിലും നടക്കാന്‍ ആഗ്രഹിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ ഇനി അത്തരക്കാര്‍ക്ക് ഒരു സുവര്‍ണ്ണാവസരം എത്തിയിരിക്കുകയാണ്‌. പാലത്തിലൂടെ നടക്കാന്‍ ഇനി നാട് വിട്ട് പോകേണ്ട ആവശ്യം ഇല്ല, പകരം വയനാട്ടിലേയ്ക്ക് വെച്ചു പിടിച്ചാല്‍ മാത്രം മതി. സൗത്ത് ഇന്ത്യയില്‍ ആദ്യമായി കണ്ണാടി പാലം വന്നിരിക്കുകയാണ്.

സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിയിരിക്കുന്നത്. 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. യാത്രാപ്രേമികള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ ഇങ്ങനൊരു കണ്ണാടിപ്പാലത്തിന്റെ കാര്യം. മേപ്പാടിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. തൊള്ളായിരംക്കണ്ടി വരെ സ്വന്തം വാഹനത്തില്‍ പോകാം.

അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള ജീപ്പുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പാലം. നിര്‍മ്മാണത്തിനാവശ്യനായ ഫൈബര്‍ഗ്ലാസ് ഉള്‍പ്പടെ സകലതും ഇറ്റലിയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. ഒരേ സമയം മൂന്നോ നാലോ ആളുകളെ മാത്രമേ ഈ പാലത്തിലൂടെ നടക്കാന്‍ അനുവദിക്കുള്ളൂ. ഒരാള്‍ക്ക് 100 രൂപയാണ് ഫീസ്.

Exit mobile version