ശബരിമല ക്ഷേത്രവരുമാനത്തില്‍ 98.66 കോടി രൂപയുടെ കുറവ്

മാസംതോറും ക്ഷേത്രച്ചെലവുകള്‍ക്കായി നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവാണുണ്ടായത്

തിരുവനന്തപുരം: കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ ശബരിമല ക്ഷേത്രവരുമാനത്തില്‍ കുറവ്. തൊട്ടുമുമ്പത്തെ തീര്‍ത്ഥാടനകാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള സംഭവങ്ങളാണ് വരുമാനം കുറയാന്‍ കാരണമായതെന്നാണ് ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാസംതോറും ക്ഷേത്രച്ചെലവുകള്‍ക്കായി നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവാണുണ്ടായത്. കഴിഞ്ഞസീസണില്‍ 277,42,02,803 രൂപ വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 178,75,54,333 രൂപയായി. മുന്‍കാലങ്ങളിലുള്ള വര്‍ധനകൂടി കണക്കിലെടുത്താന്‍ ഇത്തവണത്തെ വരുമാനനഷ്ടം ഇനിയും ഉയരാനാണ് സാധ്യത.

ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപബാധ തുടങ്ങിയവയാണ് വരുമാനക്കുറവിന് കാരണമായി ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Exit mobile version