‘ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢ ഗംഭീരവും, ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു’ മലയാളത്തില്‍ കുറിച്ച് മോഡി

അരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചിലവഴിച്ച അദ്ദേഹം ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം വഴിപാടും നടത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ച് മടങ്ങിയതിനു പിന്നാലെ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനൊപ്പം ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാവിലെ 10.25-ഓടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്.

ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കിഴക്കേഗോപുരകവാടത്തില്‍ കീഴ്ശാന്തിമാര്‍ പൂര്‍ണ്ണ കുംഭം നല്‍കി എതിരേറ്റു. അരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചിലവഴിച്ച അദ്ദേഹം ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാര വഴിപാടും നടത്തി. ഭഗവാനെ തൊഴുത ശേഷം സോപാനപ്പടിയില്‍ കാണിക്കയും സമര്‍പ്പിച്ചു. കദളിക്കുലയും മഞ്ഞപ്പട്ടും നെയ്യും സമര്‍പ്പിച്ചു.

Exit mobile version