റെയില്‍പ്പാതയുടെ അടിതുരന്ന് കല്ലുകള്‍ ഇളക്കി; തൃക്കരിപ്പൂരില്‍ മുള്ളന്‍ പന്നികളുടെ വക ‘അട്ടിമറി’, കുഴി കീമാന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം സൂപ്പര്‍വൈസര്‍ ടിവി ശിവദാസന്റെ നേതൃത്വത്തില്‍ ജോലിക്കാരെത്തി രാവിലെ 11-ഓടെ കുഴിയടച്ച് സുരക്ഷ ഉറപ്പാക്കി.

തൃക്കരിപ്പൂര്‍: റെയില്‍പ്പാതയുടെ അടിതുരന്ന് കല്ലുകള്‍ ഇളക്കി ‘അട്ടിമറി’ ശ്രമം നടത്തി മുള്ളന്‍പന്നികള്‍. പാളത്തിനടയിലെ കുഴി കീമാന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വലിയ അപകടമാണ് ഒഴിവായത്. തൃക്കരിപ്പൂരിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് മുള്ളന്‍ പന്നികള്‍ കുഴി തുരന്നത് കണ്ടെത്തിയത്. കീമാന്‍ കെഎം സുകുമാരന്‍ വ്യഴാഴ്ച രാവിലെ ആറോടെ ട്രാക്കിലൂടെ പോകുമ്പോഴാണ് കല്ലുകള്‍ താഴ്ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിച്ചു. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം സൂപ്പര്‍വൈസര്‍ ടിവി ശിവദാസന്റെ നേതൃത്വത്തില്‍ ജോലിക്കാരെത്തി രാവിലെ 11-ഓടെ കുഴിയടച്ച് സുരക്ഷ ഉറപ്പാക്കി. ഇതിനിടെ ട്രെയിന്‍ തട്ടി ചത്തനിലയില്‍ ഒരു മുള്ളന്‍പന്നിയെ ട്രാക്കിനടുത്ത് കണ്ടെത്തിയിട്ടുണ്ട്. സമീപത്ത് മുള്ളന്‍ പന്നികളുടെ ശല്യം ഏറി വരുന്നതായാണ് റിപ്പോര്‍ട്ട്.

Exit mobile version