ഇത്തവണ കാലവര്‍ഷം എത്താന്‍ വൈകും, കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം എത്താന്‍ വൈകിയേക്കും. എട്ടാം തീയതിയോടെയെ ഇടവപ്പാതി കേരളതീരത്ത് എത്താനിടുയുള്ളൂ എന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നു. സാധാരണ ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്ത് മഴ എത്തേണ്ടതാണ്.

വരുന്ന 24 മണിക്കൂറിനകം കാലവര്‍ഷം കേരള തീരത്ത് എത്തുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. എന്നാല്‍ എട്ടാം തീയതിയോടെയെ മഴ എത്തൂ എന്നാണ് ഇപ്പോഴുള്ള കണക്കുകൂട്ടല്‍. അറബിക്കടലിന്റെ തെക്കേയറ്റംവരെ കാലവര്‍ഷകാറ്റുകള്‍ എത്തിയിട്ടുണ്ട്. വളരെ വേഗം ഇത് ശ്രീലങ്കയിലും മാലിദ്വീപിലും മഴകൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴാം തീയതിയോ എട്ടാം തീയതിയോ കാലവര്‍ഷം കേരളതീരത്ത് എത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. താമസിച്ചെത്തിയാലും ഇത്തവണ നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

വൈദ്യുതി ഉത്പാദനം, കൃഷി എന്നിവക്ക് പോലും വെള്ളം ഇല്ലാത്തത്ര കടുത്തവേനലാണ് കടന്നുപോകുന്നത്. അതിനാല്‍നല്ലതോതില്‍ ഇടവപ്പാതി മഴ കിട്ടിയാലെ സാമ്പത്തിക രംഗം മെച്ചമാകൂ. കേരളത്തെ സംബന്ധിച്ച് കഴിഞ്ഞ കാലവര്‍ഷക്കാലത്തെ മഹാപ്രളയം സൃഷ്ടിച്ച ഭീതി ഒഴിഞ്ഞിട്ടില്ല. പ്രളയശേഷമുള്ള പുനര്‍നിര്‍മ്മാണം എങ്ങും എത്തിയിട്ടുമില്ല. അതിനാല്‍ ഈ മഴക്കാലം മുന്നൊരുക്കങ്ങളുടേതുകൂടിയാണ്.

കനത്തമഴ, കടലാക്രമണം, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം , മഴജന്യരോഗങ്ങള്‍ എന്നിവക്കെതിരെ സംസ്ഥാനം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജൂണ്‍ എട്ടുമുതല്‍ ഏതാനും ദിവസം ശക്തമായ മഴലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

Exit mobile version