നിപ്പാ പ്രതിരോധം; അമേരിക്കയിലും ഓസ്‌ട്രേലിയയിലും നിര്‍മ്മിച്ച മരുന്നുകള്‍ ഇന്ന് കൊച്ചിയിലെത്തിക്കും, ഭീതി വേണ്ട, ജാഗ്രതയോടെ സര്‍ക്കാര്‍

നിപ്പാ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് ഇന്ന് മുതല്‍ വിദേശത്ത് നിന്ന് എത്തിക്കുന്ന മരുന്ന് നല്‍കി ചികിത്സ തുടങ്ങിയേക്കും.

കൊച്ചി: കോഴിക്കോടിനെ വിറപ്പിച്ച നിപ്പാ വൈറസ് ബാധ വീണ്ടും സംസ്ഥാനത്ത് ഉടലെടുത്തപ്പോള്‍ കേരളക്കര ഒന്നടങ്കം ഭീതിയിലായിരുന്നു. എന്നാല്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും, വേണ്ടത് ജാഗ്രതയുമാണെന്ന നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പുകള്‍ നല്‍കുന്നുണ്ട്. നിപ്പാ പ്രതിരോധിക്കുന്നതിനായി ഇന്ന് വിദേശ നിര്‍മ്മിത മരുന്നുകള്‍ കൊച്ചിയിലെത്തിക്കും. ഓസ്‌ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് എത്തിക്കുന്നത്.

നിപ്പാ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് ഇന്ന് മുതല്‍ വിദേശത്ത് നിന്ന് എത്തിക്കുന്ന മരുന്ന് നല്‍കി ചികിത്സ തുടങ്ങിയേക്കും. നിപ്പാ ബാധ സ്ഥിരീകരിച്ച യുവാവും രോഗ ബാധ സംശയിക്കുന്ന നാല് പേരും അടക്കം മൊത്തം അഞ്ച് പേരാണ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേകം ഒരുക്കിയ ഐസോലേഷന്‍ വാര്‍ഡിലാണ്. നിരീക്ഷണത്തിലുള്ള നാല് പേരുടേയും സാംപിളുകള്‍ ഇന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.

പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും, മണിപ്പാല്‍ ആശുപത്രിയിലേക്കും, ആലപ്പുഴയിലെ വൈറോളജി ലാബിലേക്കുമാണ് സാംപിളുകള്‍ അയക്കുക. ഇതോടൊപ്പം തന്നെ നിപ്പാ വൈറസ് പ്രതിരോധ നടപടികളും ഒരു വശത്ത് മുന്നോട്ട് പോകുകയാണ്. വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്ഥലങ്ങളിലും താമസിച്ച ഇടങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.

അതേസമയം നിപ്പായുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതാണ് ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി. യുവാവ് എത്തിയ തൃശ്ശൂരിലും തൊടുപുഴയിലും ഇതിനോടകം വിശദമായ പരിശോധന ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും നടത്തി കഴിഞ്ഞു. നിപ്പാ ബാധിച്ച വിദ്യാര്‍ത്ഥി താമസിച്ച സ്ഥലങ്ങളിലും ഇയാളുമായി അടുത്ത് ഇടപഴകിയവരുമായും ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കം നടത്തി വരികയാണ്.

Exit mobile version