തൃശ്ശൂരില്‍ വിദ്യാര്‍ത്ഥി പരിശീലനത്തിന് വന്ന കേന്ദ്രത്തിലെ അധ്യാപികയ്ക്ക് പനി, നിപ്പയല്ല ഭയം മൂലമാണ് പനി വന്നതെന്ന് അധ്യാപിക, നിരീക്ഷണത്തില്‍

തൃശ്ശൂര്‍: കൊച്ചിയില്‍ ചികിത്സയിലിരിക്കുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റൊരു വാര്‍ത്തയാണ് തൃശ്ശൂരില്‍ നിന്ന് വരുന്നത്. വിദ്യാര്‍ത്ഥിയുമായി നേരത്തെ ഇടപഴകിയ ഒരാള്‍ക്ക് നേരിയ പനി ഉണ്ട്. നേരത്തെ വിദ്യാര്‍ത്ഥിയുമായി അടുത്തിടപഴകിയ വിദ്യാര്‍ത്ഥികളും 2 നഴ്‌സുമാര്‍ക്കും പനി ബാധിച്ച് നിരീക്ഷണത്തിലാണ്. അതിനു പിന്നാലെ ആണ് പുതിയ വാര്‍ത്ത തൃശ്ശൂരില്‍ നിന്ന് വരുന്നത്.

തൃശ്ശൂരില്‍ വിദ്യാര്‍ത്ഥി പരിശീലനം നടത്തിയിരുന്ന കേന്ദ്രത്തിലെ അധ്യാപികയ്ക്കാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ നേരിയ പനി തുടങ്ങിയത്. ഇതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം വീട്ടിലെത്തി പരിശോധിക്കുകയാണെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെജി റീന അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് പനി വന്നു എന്ന വാര്‍ത്ത കേട്ട് ഭയന്നാണ് തനിക്ക് പനി വന്നത് എന്നാണ് അധ്യാപിക പറഞ്ഞതെന്ന് ഡിഎംഒ അറിയിച്ചു.

നിലവില്‍ തൃശ്ശൂര്‍ ജില്ലയില്‍ 27 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 17 പുരുഷന്മാരും പത്തു സ്ത്രീകളുമാണുള്ളത്. തൃശ്ശൂരിലെ പരിശീലനകേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിയുടെ സഹപാഠികളായിരുന്നവരും വിദ്യാര്‍ത്ഥി ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ നഴ്സുമാരും ഇവരില്‍ ഉള്‍പ്പെടും.

Exit mobile version