മനുഷ്യശരീരത്തില്‍ എത്ര അസ്ഥി ഉണ്ടെന്നു പോലും അറിയില്ല; അനധികൃത നാട്ടുവൈദ്യ ചികിത്സ നടത്തുന്ന അച്ഛനും മക്കളും പിടിയില്‍

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു അറസ്റ്റ്

മണ്ണുത്തി: അനധികൃത നാട്ടുചികിത്സ നടത്തി വരുന്ന അച്ഛനും രണ്ട് മക്കളും മണ്ണൂത്തി പോലീസിന്റെ പിടിയില്‍. കോട്ടയം കടനാട് കരുമണ്ണ് കുന്നക്കാട്ട് മൈക്കിള്‍ ജോസഫ് (പാലാ കൊച്ചേട്ടന്‍-74), ഇയാളുടെ മക്കളായ ജോസഫ് മൈക്കിള്‍ (44), സജി മൈക്കിള്‍ (40) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു അറസ്റ്റ്.

അലര്‍ജി, ശ്വാസംമുട്ടല്‍ എന്നിവയ്ക്കാണ് ഇവര്‍ ചികിത്സ നടത്തിയിരുന്നത്. പാരമ്പര്യ രീതിയില്‍ തയ്യാറാക്കുന്ന ആയുര്‍വേദ മരുന്നാണ് നല്‍കുന്നതെന്നുള്ള രീതിയില്‍ ഇവര്‍ പരസ്യവുമിറക്കി. സൗജന്യ ചികിത്സയെന്ന പേരില്‍ ഇവര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ചികിത്സ നടത്തി വരികയായിരുന്നു. എന്നാല്‍ മരുന്ന് നല്‍കുമ്പോള്‍ ഇവര്‍ രോഗികളില്‍ നിന്നും വലിയ തുക ഈടാക്കുന്നതായി പോലീസ് പറയുന്നു.

ഈ മരുന്ന് ലോകത്തെവിടെയും കൊണ്ടുപോകാമെന്നും പ്രായവ്യത്യാസമില്ലാതെ ഒരുപോലെ ഉപയോഗിക്കാമെന്നും ഇവര്‍ അവകാശപ്പെടുന്നു. പേപ്പറില്‍ പൊതിഞ്ഞ ഒരു പൊടിയാണ് മരുന്നായി നല്‍കിയിരുന്നത്. ഇത് ചുക്കും കുരുമുളകും ചേര്‍ന്നതാണെന്ന് സംശിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 90 ദിവസത്തെ ഒരു കോഴ്‌സിന് 970 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ഇതിന് പുറമെ രക്തശുദ്ധിക്കും മുഖത്തെളിമയ്ക്കും പ്രമേഹത്തിനും മരുന്നും കൊടുക്കാറുണ്ടായിരുന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒല്ലൂക്കരയിലെ സ്വകാര്യസ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡിഎംഒയുടെ അന്വേഷണത്തില്‍ ഇവരുടെ പക്കല്‍ പരമ്പരാഗത ചികിത്സ നടത്താനുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും ബോധ്യമായി. തുടര്‍ന്ന് ഡിഎംഒ പോലീസിനു നല്‍കിയ പരാതിയിലാണ് നടപടി.

വിവിധ ജില്ലകളില്‍ ഇവര്‍ തട്ടിപ്പു നടത്തിയതായി പോലീസ് പറഞ്ഞു. കൂടാതെ മനുഷ്യശരീരത്തില്‍ എത്ര അസ്ഥി ഉണ്ടെന്ന ഡിഎംഒയുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടിയെന്നും ശ്വാസംമുട്ടലിന് ചികിത്സിക്കുന്ന ഇയാള്‍ ശ്വാസംമുട്ടല്‍ ഉള്ളയാളാണെന്നും ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്ന ആളാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version