കര്‍ഷക ആത്മഹത്യ, രാഹുല്‍ ഗാന്ധി കത്തെഴുതി; ജപ്തി നടപടികള്‍ നിര്‍ത്തിവെച്ച് കര്‍ഷകരെ സഹായിക്കും മുഖ്യമന്ത്രിയുടെ മറുപടി

വയനാട്: വയനാട്ടില്‍ കഴിഞ്ഞദിവസം കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട്ടിലെ നിയുക്ത എംപി എന്ന നിലയില്‍ ആദ്യത്തെ ഇടപെടലാണ് രാഹുല്‍ഗാന്ധി നടത്തിയത്. അതേസമയം കടക്കെണിയില്‍പെട്ട കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നും എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി മറുപടിക്കത്തിലൂടെ രാഹുലിനെ അറിയിച്ചു.

മരിച്ച കര്‍ഷകന്റെ ഭാര്യ സുജാതയുമായി രാഹുല്‍ ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുമൂലമുണ്ടായ സമ്മര്‍ദവും വിഷമവും കാരണമാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായി രാഹുല്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

എന്നാല്‍ കാര്‍ഷിക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും വായ്പ തിരിച്ചടവിനായി ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായി രാഹുല്‍ഗാന്ധി കത്തില്‍ പറഞ്ഞു.

അതേസമയം കര്‍ഷകന്റെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി രാഹുലിനെ അറിയിച്ചു. മാത്രമല്ല രാഹുല്‍ഗാന്ധിക്ക് അറിയാവുന്നതുപോലെ, ജപ്തിനടപടികള്‍ നിര്‍ത്തിവെച്ച് കര്‍ഷകരെ സഹായിക്കാനുള്ള നിരന്തരശ്രമത്തിലാണ് കേരളസര്‍ക്കാരെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

വയനാട്ടിലെ പനമരത്താണ് കര്‍ഷകനായ വി ദിനേഷ് കുമാര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്തത്.

Exit mobile version