രാത്രിയും പകലും വ്യത്യാസമില്ലാതെ, മഴയും പൊരി വെയിലും വകവെക്കാതെ ജോലി ചെയ്യുന്നു, എന്നിട്ടും ചൂഷണം മാത്രം, അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വിഗ്ഗി തൊഴിലാളികള്‍

കൊച്ചി: ഇന്ന് വിരല്‍ ഒന്നു തൊട്ടാല്‍ സ്വാദിഷ്ടമായ ഭക്ഷണം മുന്നില്‍ എത്തും. അതിനായി ഓണ്‍ലൈന്‍ ഭക്ഷണ ശൃംഖലകള്‍ നിലവിലുണ്ട്. എന്നാല്‍ ഡെലിവറി ബോയ്‌സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ദുരിതങ്ങളും ആരും തിരിച്ചറിയുന്നില്ല. ഇപ്പോള്‍ ഇതാ എറണാകുളത്തെ പ്രമുഖ കമ്പനിയിലെ ഡെലിവറി തൊഴിലാളികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നു. സ്വിഗ്ഗിയിലെ തൊഴിലാളികളാണ് പ്രതിഷേധവുമായി വന്നിരിക്കുന്നത്. ദിവസം 12-13 മണിക്കൂര്‍ ജോലി ചെയ്തിട്ടും മാന്യമായ വേതനം കിട്ടുന്നില്ല എന്നതാണ് ഇവരുടെ പരാതി. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് തൊഴിലാളികള്‍ പാലാരിവട്ടത്തെ സ്വിഗ്ഗി ഓഫീസ് ഉപരോധിച്ചു. മാന്യമായ ശമ്പളം ലഭിക്കുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം.

‘കൊച്ചി നഗരത്തിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പൊരിവെയിലത്തും കുതിക്കുന്നവരാണ് തങ്ങള്‍. ദിവസവും രാത്രിയും പകലും വ്യത്യാസമില്ലാതെ ജോലിചെയ്ത്, കൊച്ചി സിറ്റിയിലെ വലിയൊരു ജനവിഭാഗത്തിനു ഭക്ഷണമെത്തിക്കുന്ന ഞങ്ങളെ മാന്യമായ കൂലി തരാതെ സ്വിഗ്ഗി കമ്പനി ചൂഷണം ചെയ്യുകയാണ്. ആയതിനാല്‍ ഞങ്ങള്‍ സ്വിഗ്ഗിയുടെ പ്രവര്‍ത്തനം സ്തംഭിക്കും വിധം പണിമുടക്ക് സമരത്തിലാണ്.’ സ്വിഗിയിലെ ഡെലിവറി തൊഴിലാളികള്‍ ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നു.

പുരുഷന്മാര്‍ക്ക് പുറമെ നിരവധി യുവതികളും ഈ മേഖലയില്‍ ജോലി ചെയ്യുന്നു. പലരുടെയും ഏക വരുമാന മാര്‍ഗമാണിത്. പഠന ചിലവുകള്‍ക്കുവേണ്ടിയും ഈ ജോലിയെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ കമ്പനി തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

‘ ഞങ്ങളെന്നും കാണുന്ന ഞങ്ങളുടെ കസ്റ്റമേഴ്സും, ഞങ്ങളുടെ സ്വന്തം ഹോട്ടലുടമകളും -ഹോട്ടല്‍ തൊഴിലാളികളും, പൊതുജനങ്ങളും, അധികാര സ്ഥാപനങ്ങളും ഈ സമരത്തിന് പിന്തുണ നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങളുടെ കുടുംബം പട്ടിണിയാകാത്തിരിക്കാന്‍, ഞങ്ങളുടെ വിദ്യാഭ്യാസം നിലക്കാതിരിക്കാന്‍.മാന്യമായ വേതനം ഉറപ്പാക്കും വരെ അനശ്ചിത കാലത്തേക്ക് ഞങ്ങള്‍ സമരത്തിലാണ്.’ തൊഴിലാളികള്‍ പറയുന്നു.

Exit mobile version