ഞാനൊരു എളിയ പ്രവര്‍ത്തകന്‍; മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ഡല്‍ഹിക്ക് വന്നത്, ആരും വിളിപ്പിച്ചിട്ടല്ല; വെളിപ്പെടുത്തി കുമ്മനം

ഇന്ന് രാവിലെയാണ് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചത്.

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ ഡല്‍ഹിക്ക് വന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖന്‍. താന്‍ ഒരു എളിയ പ്രവര്‍ത്തകനാണെന്നും ആരും വിളിപ്പിച്ചിട്ടല്ല ഡല്‍ഹിക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി കുമ്മനത്തെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ തുറന്നു പറച്ചില്‍. ‘എന്നെ വിളിപ്പിച്ചതൊന്നുമല്ല, ഒരു ചരിത്രസംഭവം കാണാന്‍ ആഗ്രഹം ഉണ്ടായി അത് കൊണ്ട് ഇവിടെ വന്നന്നെയുള്ളു. എനിക്ക് മറ്റൊന്നിനെ കുറിച്ചും അറിയില്ല. മന്ത്രിസ്ഥാനമൊന്നും പ്രതീക്ഷിച്ച് വന്നതല്ല. ഞാന്‍ ബിജെപിയുടെ മുന്‍സംസ്ഥാന പ്രസിഡന്റാണ്. ചടങ്ങ് കാണാനാണ് വന്നത്. അതിനപ്പുറമൊന്നും എനിക്കറിയില്ല, പറയാനുമില്ല’ കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചത്. കേന്ദ്ര നേതൃത്വം വിളിപ്പിച്ചിട്ടാണ് കുമ്മനം തിരിച്ചതെന്ന വാര്‍ത്തകളും നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണം നല്‍കി നേതാവ് രംഗത്തെത്തിയത്. കേരളത്തില്‍ നിന്നും ഒരു മന്ത്രി ഉണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കുമ്മനം രാജശേഖരന്‍, രാജ്യസഭാംഗങ്ങളായ വി മുരളീധരന്‍, സുരേഷ് ഗോപി എന്നിവരുടെ പേരുകളും പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version