50 ടണ്‍ വരെ ഭാരമുയര്‍ത്താനുള്ള ഉപകരണങ്ങള്‍, ചെരിഞ്ഞ കെട്ടിടങ്ങളും മറ്റും താങ്ങി നിര്‍ത്താനുള്ള സംവിധാനം; ഒരു കോടിയിലധികം രൂപയുടെ ആധുനിക രക്ഷാ വാഹനം തൃശ്ശൂരില്‍

തൃശ്ശൂര്‍: എഴുപത്തിയഞ്ച് അത്യാധുനിക ഉപകരണങ്ങള്‍ അടങ്ങിയ ആധുനിക രക്ഷാ വാഹനം സ്വന്തമാക്കി തൃശ്ശൂര്‍ അഗ്‌നിശമനസേന. ഒരു കോടിയിലധികം രൂപ വില വരുന്ന വാഹനം കഴിഞ്ഞ ദിവസമാണ് ജില്ലയിലെത്തിയത്.

ദുരന്ത മുഖങ്ങളില്‍ ഇനി രക്ഷാപ്രവര്‍ത്തനത്തിന് മുന്‍ നിരയില്‍ ഇആര്‍ടി (എമര്‍ജന്‍സി റെസക്യൂ ടെണ്ടര്‍) ഉണ്ടാകും. 50 ടണ്‍ വരെ ഭാരമുയര്‍ത്താനുള്ള ഉപകരണങ്ങള്‍ ഉള്ള പ്രത്യേക വാഹനമാണിത്. ചെരിഞ്ഞ കെട്ടിടങ്ങളും മറ്റും താങ്ങി നിര്‍ത്താനാവശ്യമായ സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്.

സെര്‍ച്ച് ലൈറ്റുകള്‍, വിവിധ തരം കട്ടറുകള്‍, വായു നീക്കം ചെയ്യുന്ന ബ്ലോവറുകള്‍, ഇരുപത് അടിയോളം ഉയര്‍ത്താന്‍ കഴിയുന്ന ടെലിസ്‌കോപിക് ടവര്‍ ലൈറ്റ് തുടങ്ങി എഴുപത്തിയഞ്ച് അത്യാധുനിക ഉപകരണങ്ങള്‍ ഇആര്‍ടിയിലുണ്ട്. വാഹനങ്ങളുടേയും തകര്‍ന്ന കെട്ടിടങ്ങളുടേയും അടിയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ന്യൂമാറ്റിക് ഉപകരണങ്ങളും സഹായിക്കും.

Exit mobile version