പിണറായി വിജയനിലേക്ക് എത്തുക ചെറിയ കാര്യമല്ല

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ഉത്തരവാദി ഒരേയൊരാളാണെന്നാണ് ആരോപണമുയരുന്നത്. തോല്‍വിയുടെ കുറ്റങ്ങളും കുറവും എല്ലാം സഖാവ് പിണറായ്ക്ക് മേല്‍ ചാര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ജയച്ചിലും തോറ്റാലും പിണറായി വിജയന് ഒരേയൊരു ശൈലിയേ ഉള്ളു. എത്ര ആക്ഷേപങ്ങള്‍ ഉയര്‍ന്നാലും എത്ര ആളുകള്‍ മാറിയാലും സഖാവ് തന്റെ ശൈലി മാറ്റാനും ഉദ്ദേശിക്കുന്നില്ല.

2019 തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എന്നാല്‍ ഇതെല്ലാം ഒരാളുടെ കുറ്റമാണെന്ന് പറയുന്നത് മണ്ടത്തരമാണ്. തോല്‍വിയും ജയവും സ്വാഭാവികമാണ്. ഇത് കൊണ്ടൊന്നും സിപിഎം എന്ന പാര്‍ട്ടിയോ സഖാവ് പിണറായി വിജയന്‍ എന്ന വ്യക്തിയോ ഇല്ലാതാവുന്നില്ല.

നിരന്തരം സംഘര്‍ഷഭരിതമായ ഒരു പരിസരത്ത് നിന്നുമാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ചുറ്റുപാട് തിരിച്ചറിഞ്ഞത്. അങ്ങനെയുള്ള അദ്ദേഹം ചുണ്ടില്‍ കള്ള പുഞ്ചിരി ഒട്ടിച്ച് വെച്ച് കൊണ്ട് ഇന്നേവരെ ഒരു മാധ്യമപ്രവര്‍ത്തകനേയും കണ്ടിട്ടില്ല. വ്യാജമായ കുശലം പറച്ചിലും അദ്ദേഹത്തിനില്ല. ഇതൊക്കെ കൊണ്ട് പിണറായി വിജയന്‍ ഒരു ധാര്‍ഷ്ഠ്യക്കാരനായി മാറി.

നേരെ വാ നേരെ പോ എന്ന ഒരു ശൈലിയെ പിണറായി വിജയന് ഉള്ളു. സമൂഹത്തില്‍ ശരിയുടെ പക്ഷത്ത് നില്‍ക്കുന്നവര്‍ക്കാണ് പലപ്പോഴും ശത്രുക്കള്‍ ഉണ്ടാവുന്നത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. കാര്യങ്ങള്‍
മുഖത്ത് നോക്കി പറയുക എന്നത് സഖാവിന്റെ രീതിയാണ്. കടക്ക് പുറത്ത് എന്നതിന് പകരം ആ സാഹചര്യത്തില്‍ ചായക്കുടിച്ചിട്ട് പോവാം എന്ന് പറയാന്‍ പിണറായിക്ക് ആവില്ല.

നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി മാറ്റിയത് കൊണ്ടാണ് ജയിച്ചതെന്ന് പറഞ്ഞാല്‍ അതിനോളം മണ്ടത്തരമായ മറ്റൊന്നുമുണ്ടാകില്ല. അതിനാല്‍, പിണറായി വിജയന്റെ ശൈലിയാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണമെന്ന് പറഞ്ഞാല്‍ അതും മണ്ടത്തരമെന്നേ പറയാനൊക്കൂ.

ഒരു വര്‍ഷം മുമ്പ് ഇതുപോലൊരു മെയ് മാസം ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയപ്പോള്‍ പിണറായിയുടെ ശൈലിക്ക് പ്രശ്നമുണ്ടായിരുന്നില്ല. ശൈലി മനുഷ്യനാണ് എന്നു പറയുന്നത് വെറുതെയല്ല. ശൈലി ശൂന്യതയില്‍ നിന്നുണ്ടാവുന്നതല്ല. ഉള്ളടക്കമാണ് ശൈലിയെ നിര്‍വചിക്കുന്നതും നിര്‍ണ്ണയിക്കുന്നതും.

ശബരിമല പ്രശ്നം ഈ തെരഞ്ഞെടുപ്പില്‍ ഒരു വിഷയമായിരുന്നു. പ്രളയവും അതുപോലെ തന്നെ ജനങ്ങളെ ബാധിച്ചു. പിണറായി സര്‍ക്കാര്‍ പ്രളയം കൈകാര്യം ചെയ്ത രീതി പരക്കെ പ്രശംസിക്കപ്പെട്ടപ്പോഴും പ്രളയത്തിന് കാരണമായത് അണക്കെട്ടുകള്‍ കൈകാര്യം ചെയ്തവരുടെ പിടിപ്പുകേടാണെന്ന വിമര്‍ശനവും ശക്തമായിരുന്നു.

പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയേയും ശബരിമല വിധിയേയുമൊക്കെ പഴിക്കുമ്പോള്‍, വിമര്‍ശിക്കുമ്പോള്‍ വെറുതെയെങ്കിലും പിണറായിയുടെ സ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയെ ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. സിപി എമ്മിന്റെ നേതാവ് ഉമ്മന്‍ ചാണ്ടി ആയിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്ത് ചിരി പടര്‍ത്തിയുള്ള പെരുമാറ്റ ശൈലി വെച്ച് മാത്രം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ജയിക്കാനാകുമായിരുന്നോ? ഇല്ലെന്ന് വേണം പറയാന്‍. ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് ഒരു നേതാവോ അദ്ദേഹത്തിന്റെ ശൈലിയോ അല്ല.

Exit mobile version