തൃശ്ശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍; മോഡിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നും എല്ലാവര്‍ക്കും നന്ദി പറഞ്ഞും സുരേഷ് ഗോപി

അട്ടിമറി വിജയത്തില്‍ അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്.

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലമായിരുന്നു തൃശ്ശൂര്‍. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി നിന്നത് നടനും എംപിയുമായിരുന്ന സുരേഷ് ഗോപിയായിരുന്നു. പ്രചാരണവേളയിലും മറ്റും താരം എത്തുന്നിടത്ത് വന്‍ ജനാവലിയായിരുന്നു. ആ നിമിഷം തന്നെ താരം വിജയം ഉറപ്പിച്ചിരുന്നു. തൃശ്ശൂരിനെ ഞാന്‍ ഇങ്ങട് എടുക്കുകയാണെന്ന് വരെ പറഞ്ഞിരുന്നു.

എന്നാല്‍ ഫലം വന്നതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഇതോടെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. കോമാളി എന്നു വിളിച്ചും മറ്റും പരിഹാസങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെ തൃശ്ശൂര്‍ക്കാര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. തൃശ്ശൂര്‍ എന്നും ഈ ഹൃദയത്തില്‍ ഉണ്ടാകും എന്ന് അദ്ദേഹം കുറിച്ചു.

അതോടൊപ്പം എല്ലാവര്‍ക്കും അദ്ദേഹം നന്ദി എടുത്ത് പറയുന്നുണ്ട്. ‘എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി, എന്റെ വിശപ്പടക്കിയ, എന്നെ ചേര്‍ത്തു പിടിച്ച, കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശ്ശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്‌നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി’ അദ്ദേഹം കുറിച്ചു. അട്ടിമറി വിജയത്തില്‍ അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍…! എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി!എന്റെ വിശപ്പടക്കിയ, എന്നെ ചേര്‍ത്തു പിടിച്ച കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്‌നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി! ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയര്‍ന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍…!

Exit mobile version