തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മോഡി വിരുദ്ധര്‍ക്ക് ഏറ്റ കനത്ത തിരിച്ചടി; മോഡിയെ പുകഴ്ത്തി പോസ്റ്റിട്ട ശ്രീധരന്‍ പിള്ളയ്ക്ക് അണികളുടെ പൊങ്കാല

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നരേന്ദ്ര മോഡി വിരുദ്ധര്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്നാണ് ശ്രീധരന്‍ പിള്ള ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്

തൃശ്ശൂര്‍: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും കേന്ദ്രത്തില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് എന്‍ഡിഎ. അതേ സമയം കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പത് സീറ്റും യുഡിഎഫ് നേടി. ഈ അവസരത്തിലാണ് കേന്ദ്രത്തിലെ എന്‍ഡിഎയുടെ വിജയം ആഘോഷിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അണികളോട് ആഹ്വാനം ചെയ്ത് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നരേന്ദ്ര മോഡി വിരുദ്ധര്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്നാണ് ശ്രീധരന്‍ പിള്ള ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

എന്നാല്‍ ഈ പോസ്റ്റിന് താഴെ അണികളുടെ രോക്ഷപ്രകടനമാണ് കാണാന്‍ സാധിക്കുന്നത്. പലരും വളരെ രൂക്ഷമായ ഭാഷയിലാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ തോല്‍വിക്ക് കാരണക്കാരന്‍ ശ്രീധരന്‍പിള്ളയാണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൊങ്കാലയിടുന്നത്. കുമ്മനം രാജശേഖരനെ വിളിച്ചുവരുത്തി അപമാനിച്ചുവെന്നും, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

ശ്രീധരന്‍ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നരേന്ദ്ര മോദി വിരുദ്ധര്‍ക്ക് ഏറ്റ കനത്ത തിരിച്ചടി. 17-ാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധി നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിനുള്ള അംഗീകാരവും തുടര്‍ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷവും ആണ് പ്രകടിപ്പിച്ചിട്ടുള്ളത്. 28 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നരേന്ദ്രമോദിയെ തുടരാന്‍ അനുവദിക്കില്ലെന്ന മുഖ്യ അജണ്ടയുടെ അടിസ്ഥാനത്തില്‍ എല്ലാ അടവുകള്‍ പ്രയോഗിച്ചിട്ടും ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ തിളക്കമാര്‍ന്ന വിജയമാണ് എന്‍.ഡി.എ യ്ക്കും നരേന്ദ്രമോദിക്കും നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ജനങ്ങളാല്‍ വലിച്ചെറിയപ്പെട്ട അവസ്ഥയില്‍ നിലമ്പരിശാക്കപെട്ടിരിക്കയാണ്. കേരളവും തമിഴ്നാടും പഞ്ചാബും മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്. ഈ തിളക്കമാര്‍ന്ന വിജയം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ജനകീയ മാന്‍ഡേറ്റാണ്. നരേന്ദ്ര മോദിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് എന്‍ഡിഎ പ്രവര്‍ത്തകരോട് നാളെ (24-05-2019) ആഹ്‌ളാദ പ്രകടനങ്ങള്‍ നടത്താന്‍ എന്‍ഡിഎ സംസ്ഥാന ഘടകം ആഹ്വാനം ചെയ്തിരിക്കുന്നു.

Exit mobile version