‘ഞങ്ങള്‍ കോരിവെച്ച വെള്ളം കോണ്‍ഗ്രസ് എടുത്തു’; ഒരു സീറ്റ് പോലും ലഭിക്കാത്തതില്‍ നിരാശ പങ്കുവെച്ച് ബി ഗോപാലകൃഷ്ണന്‍

പത്തനംതിട്ടയില്‍ മത്സരിച്ച സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

തിരുവനന്തപുരം: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ ആകാത്തതിന്റെ നിരാശ പങ്കുവെച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ‘ഞങ്ങള്‍ കോരിവച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’ എന്ന് പറഞ്ഞുകൊണ്ടാണ് നേതാവ് തന്റെ വിഷമം പങ്കുവെച്ചത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് പരാജയ കാരണമെന്നും ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി നടത്തിയ പ്രക്ഷോഭങ്ങള്‍ ഗുണം ചെയ്തത് കോണ്‍ഗ്രസിനാണെന്നും കോണ്‍ഗ്രസ് തരംഗത്തിന്റെ കാരണം ഇതാണെന്നുമാണ് ബിജെപിയുടെയും വിലയിരുത്തല്‍.

ശബരിമല വലിയ തോതില്‍ പ്രചാരണ ആയുധമാക്കിയ പത്തനംതിട്ടയില്‍ പോലും ബിജെപിയ്ക്ക് യാതൊരു നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചില്ല. പത്തനംതിട്ടയില്‍ മത്സരിച്ച സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. കേരളത്തില്‍ ഇരുപത് സീറ്റുകളില്‍ 19 സീറ്റാണ് യുഡിഎഫ് നേടിയത്. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംഎ ആരിഫ് ആണ് ജയിച്ചത്.

എക്സിറ്റ് പോള്‍ ഫലങ്ങളടക്കം ബിജെപിക്ക് കേരളത്തില്‍ സീറ്റ് പ്രവചിച്ചിരുന്നു. ഈ പോളുകളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും സീറ്റ് ഉറപ്പാണെന്ന ഉറച്ച പ്രതീക്ഷയും ബിജെപി സംസ്ഥാനന നേതൃത്വത്തിന് ഉണ്ടായിരുന്നു.

Exit mobile version