‘ ഞങ്ങള്‍ കോരിവെച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’ ! ശബരിമലയില്‍ ബിജെപി നടത്തിയ പ്രക്ഷോഭം ഗുണം ചെയ്തത് കോണ്‍ഗ്രസിനെന്ന് ബി ഗോപാലകൃഷ്ണന്‍

ശബരിമല വിഷയം ചര്‍ച്ചയായ പത്തനംതിട്ടയിലും തിരുവനന്തപുരം മണ്ഡലത്തിലും ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് ആയില്ല. പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ ഒരു സീറ്റില്‍ പോലും മുന്നേറ്റം കാഴ്ചവെക്കാനാവാതെ ബിജെപി. ശബരിമല വിഷയം ചര്‍ച്ചയായ പത്തനംതിട്ടയിലും തിരുവനന്തപുരം മണ്ഡലത്തിലും ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് ആയില്ല. പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വന്‍ തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഉണ്ടായത്. ഇതില്‍ നിരാശ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.

ഞങ്ങള്‍ കോരിവച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് പരാജയകാരണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി നടത്തി പ്രക്ഷോഭങ്ങള്‍ ഗുണം ചെയ്തത് കോണ്‍ഗ്രസിനാണെന്നും കോണ്‍ഗ്രസ് തരംഗത്തിന്റെ കാരണം ഇതാണെന്നുമാണ് ബിജെപി വിലയിരുത്തുന്നത്.

കേരളത്തില്‍ ഇരുപത് സീറ്റുകളില്‍ 19 സീറ്റും യുഡിഎഫ് നേടിയപ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎ ആരിഫിന് മുന്നേറ്റം നടത്താനായത്.

Exit mobile version