വ്യാജ അപേക്ഷ ചമച്ച് പിഎസ്‌സിയെ കബളിപ്പിച്ച് ബന്ധുവുമായ ഉദ്യോഗാര്‍ത്ഥിയുടെ അവസരം നഷ്ടപ്പെടുത്തി..! സര്‍ക്കാര്‍ ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മിഷനെ കബളിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ അപേക്ഷ നല്‍കിയാണ് അയല്‍ക്കാരനും, അടുത്ത ബന്ധവുമായ ഉദ്യോഗാര്‍ത്ഥിയുടെ അവസരം നഷ്ടപ്പെടുത്തിയത്. കോഴിക്കോട് ജില്ലാ കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ നെയ്യാറ്റിന്‍കര ഇരുമ്പില്‍ അഖില്‍നിവാസില്‍ ജി അഖിലിനെയാണ് തട്ടിപ്പിന് പോലീസ് പിടികൂടിയത്.

കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡുകളിലേക്കു സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ക്ലറിക്കല്‍ തസ്തികയിലേക്കു ടെസ്റ്റ് എഴുതി ഒന്നാം റാങ്ക് നേടിയ ഇരുമ്പില്‍ സ്വദേശി അനില്‍രാജിനു ലഭിക്കേണ്ടിയിരുന്ന ജോലിയാണ് അഖില്‍ വ്യാജ സത്യവാങ്മൂലത്തിലൂടെ തെറിപ്പിച്ചത്. താനാണ് അനില്‍ രാജെന്നും, തനിക്കു മെച്ചപ്പെട്ട ജോലി ലഭിച്ചതിനാല്‍ ഈ ജോലിക്ക് അഡൈ്വസ് മെമ്മോ അയക്കേണ്ടതില്ലെന്നും കാണിച്ചായിരുന്നു അഖില്‍ പിഎസ്‌സിക്കു കത്തു നല്‍കിയത്.
തെളിവിനായി നോട്ടറി പബ്ലിക്കിന്റെ സാക്ഷ്യപത്രവും, ഒരു ഗസറ്റഡ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും അതോടൊപ്പം ഹാജരാക്കിയിരുന്നു.

ലിസ്റ്റില്‍ ഒന്നാം റാങ്ക് ഉണ്ടായിരുന്നിട്ടും നിയമന ഉത്തരവു ലഭിക്കാന്‍ വൈകുന്നതിന്റെ കാരണം തിരക്കി പിഎസ്‌സി ഓഫിസിലെത്തിയ അനില്‍രാജ് കേട്ടതു ഞെട്ടിക്കുന്ന വിവരമായിരുന്നു. ജോലി വേണ്ടെന്ന് എഴുതി തന്നിട്ടു പിന്നെന്തിനു ജോലിതേടി വന്നുവെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അനില്‍രാജിനോടു ചോദിച്ചത്. പരാതി നല്‍കിയപ്പോള്‍ എസ്‌ഐ എസ് സന്തോഷ്‌കുമാര്‍ നേരിട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കള്ളന്‍ കപ്പിലില്‍ തന്നെയെന്ന് മനസ്സിലായത്.

ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ ഒന്നൊന്നായി നിരത്തിയപ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ കുറ്റം സമ്മതിക്കുകയായിരുന്നു. ഒരുമിച്ചു പഠിച്ച അനില്‍രാജിനു മെച്ചപ്പെട്ട ജോലി ലഭിച്ചതാണ് പ്രകോപനമായതെന്ന് അഖില്‍ കുറ്റസമ്മതം നടത്തിയതായി എസ്‌ഐ സന്തോഷ്‌കുമാര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Exit mobile version