സ്‌പോര്‍ട്‌സ് മീറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം; ചരിത്ര തീരുമാനവുമായി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് മീറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കി കാലിക്കറ്റ് സര്‍വകലാശാല. സിന്‍ഡിക്കേറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്ത്യയിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ഇത്തരമൊരു തീരുമാനം ആദ്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കി.

മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ റിയ ഇഷ നല്‍കിയ ഹര്‍ജിയിലാണ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് കമ്മിറ്റി തീരുമാനം എടുത്തത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളില്‍ പഠിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് മീറ്റുകളില്‍ പങ്കെടുക്കാന്‍ ഇതോടെ അവസരമൊരുങ്ങി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ പ്രത്യേക വിഭാഗമുണ്ടാക്കി മത്സരിപ്പിക്കില്ലെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരും ഏറ്റുമുട്ടണമെന്ന് അധികൃതര്‍ പറഞ്ഞു. കോളേജുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രത്യേക സീറ്റുകള്‍ അനുവദിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിരിക്കുന്നത്.

അതേ സമയം, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി നിയമം പാസാക്കിയാല്‍ മാത്രമേ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ള കായിക മത്സരങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കൂ.

Exit mobile version