കമല്‍ഹാസന് ഇനി എത്രനാള്‍ ആയുസ്സ് കാണും അറിയില്ല, ഗാന്ധിയെ ഗോഡ്‌സെ വധിച്ചത് ഭീകരവാദപ്രവര്‍ത്തനം തന്നെ; കെമാല്‍ പാഷെ

തിരുവനന്തപുരം: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയെ ഗോഡ്‌സെ വധിച്ചത് ഭീകരവാദപ്രവര്‍ത്തനം തന്നെയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഇക്കാര്യം മനസിലാക്കാതെയാണ് കമല്‍ഹാസനെ ഇപ്പോള്‍ വെടിവെച്ച് കൊല്ലണമെന്ന് പറയുന്നതെന്നും ഇനി അദ്ദേഹം എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

ഗാന്ധിവധക്കേസ് ഇക്കാലത്തായിരുന്നെങ്കില്‍ സവര്‍ക്കര്‍ക്കെതിരെ ഒരുപാട് തെളിവ് കിട്ടുമായിരുന്നുവെന്നും സവര്‍ക്കര്‍ ശിക്ഷിക്കപ്പെടുമായിരുന്നുവെന്നും കെമാല്‍ പാഷ പറഞ്ഞു.

പ്രജ്ഞാസിങ് ഠാക്കൂറിന്റെ ഗോഡ്സെ പരാമര്‍ശം മാപ്പര്‍ഹിക്കുന്നതല്ലെന്ന് പ്രധാനമന്ത്രിയും അമിത് ഷായും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ ശിക്ഷിക്കണമെന്നാണ്. പക്ഷെ സ്ഥാനാര്‍ത്ഥിത്വവും പ്രസ്താവനയും രണ്ടും രണ്ടാണെന്നാണ് പറയുന്നത്. പാവങ്ങളായത് കൊണ്ട് നമ്മള്‍ക്കൊന്നും ഇക്കാര്യം മനസിലാവില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

കെമാല്‍ പാഷയുടെ പ്രസംഗം

ഞാനൊരു നല്ലൊരു ഹിന്ദുവായത് കൊണ്ട് തന്നെ ഞാന്‍ നല്ലൊരു മുസ്ലിമാണെന്നും ഗാന്ധിജി പറഞ്ഞു. അതുകൊണ്ട് ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ചു കൊന്നു.

ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന് പറഞ്ഞതിന്, ഭീകരവാദിയും കൊലയാളിയും തമ്മിലുള്ള വ്യത്യാസം കമല്‍ഹാസന് അറിയില്ലെന്നാണ് പറയുന്നത്. ഗോഡ്സെ ഭീകരവാദിയല്ല ഒരു കൊലയാളി മാത്രമാണെന്നാണ് പറയുന്നത്.

സവര്‍ക്കറെ അന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലെ കാലാപാനി ജയിലിലേക്കയച്ചപ്പോള്‍ അന്തസായി മാപ്പപേക്ഷ എഴുതിക്കൊടുത്ത് ശിക്ഷ കുറച്ച് വന്നു. എന്നിട്ട് ഹിന്ദുമഹാസഭ രൂപീകരിക്കുകയാണ് ചെയ്തത്. ഇതിലെ ഒരംഗമാണ് ഗോഡ്സെ. ഗോഡ്സെ ഗാന്ധിയെ വെടിവെച്ച് കൊന്നപ്പോള്‍ സവര്‍ക്കറും പ്രതിയായിരുന്നു. തെളിവില്ലെന്ന് പറഞ്ഞാണ് പിന്നീട് വിട്ടയച്ചത്. 120 (ബി) ഗൂഢാലോചനക്കുറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ വേറെ ഒരുപാട് തെളിവ് കിട്ടി അകത്തായേനേ. പക്ഷെ അന്ന് രക്ഷപ്പെട്ടുപോയി. പിന്നീട് മഹാത്മാഗാന്ധിയേക്കാള്‍ ഉയരത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയാണുണ്ടായത്.

ഗോഡെസെയെ ഭീകരവാദി എന്ന് വിളിച്ചതാണ് ഇപ്പോള്‍ പ്രശ്നമായത്. യു.എ.പി.എ എന്നൊരു നിയമം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അതിനകത്ത് എന്താണ് ഭീകരവാദമെന്ന് നിര്‍വചിച്ചിട്ടുണ്ട്. ഒരു സമൂഹത്തെ ഭീതിപ്പെടുത്താന്‍ ഒരു കൊലപാതകം നടത്തിയാല്‍ അതാണ് ഭീകരവാദമെന്ന് പറയുന്നത്.

ഞാനൊരു നല്ലൊരു ഹിന്ദുവായത് കൊണ്ട് തന്നെ ഞാന്‍ നല്ലൊരു മുസ്ലിമാണെന്ന് പറഞ്ഞതിനാണ് മഹാത്മാഗാന്ധിയെ ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍വെച്ച് പകല്‍ വെളിച്ചത്തില്‍ വെടിവെച്ച് കൊന്നത്. ഇത് ഭീകരവാദം തന്നെയല്ലേ. ഇത് പോലും മനസിലാക്കാതെയാണ് കമലഹാസനെ ഇപ്പോള്‍ വെടിവെച്ച് കൊല്ലണമെന്ന് പറയുന്നത്. ഇനി അദ്ദേഹം എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല. കാരണം ഫത്വ പുറപ്പെടുവിച്ച് കഴിഞ്ഞു അദ്ദേഹത്തെ കൊല്ലാന്‍.

പ്രജ്ഞാസിങ് ഠാക്കൂറിന്റെ ഗോഡ്സെ പരാമര്‍ശം മാപ്പര്‍ഹിക്കുന്നതല്ലെന്ന് പ്രധാനമന്ത്രിയും അമിത് ഷായും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ ശിക്ഷിക്കണമെന്നല്ലേ ? പക്ഷെ സ്ഥാനാര്‍ത്ഥിത്വവും ഈ സംഭവവും രണ്ടും രണ്ടാണെന്നാണ് പറയുന്നത്. നമ്മള്‍ പാവങ്ങള്‍ക്ക് ഇക്കാര്യം മനസിലാവില്ല.

ഈയൊരു കാഴ്ചപ്പാടുള്ള കാലത്തോളം നമ്മുടെ നാട് ഒരിക്കലും നന്നാവില്ല. ഇക്കാര്യം ആദ്യം പറഞ്ഞത് മൗണ്ട് ബാറ്റണാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന വേളയില്‍ എന്ന് വേണം സ്വാതന്ത്ര്യം എന്നദ്ദേഹം ചോദിച്ചു. അപ്പോള്‍ ഗാന്ധിജി പറഞ്ഞു എത്രയും പെട്ടെന്ന് വേണം എന്ന്. ആഗസ്റ്റ് 15 നോക്കിയപ്പോള്‍ വെള്ളിയാഴ്ചയാണ്. അത് മേത്തന്മാരുടെ ദിവസം അല്ലേ.. വല്ല്യ പ്രശ്നം അല്ലേ.. വെള്ളിയാഴ്ച ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ എല്ലാം തീര്‍ന്നു. അതുകൊണ്ട് ഇവിടത്തെ പുരോഹതരും ഉദ്യോഗസ്ഥ വൃന്ദങ്ങളും ജ്യോത്സ്യന്‍മാരും ഇരുന്ന് ആലോചിച്ചിട്ട് വെള്ളിയാഴ്ച ചീത്ത ദിവസമാണ് അത് കൊണ്ട് അന്ന് സ്വാതന്ത്ര്യം വേണ്ട, കുറച്ച് നാള്‍ കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞു. അവസാനം ആഗസ്റ്റ് 14 അര്‍ധരാത്രിയില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കേണ്ട ഗതികേട് വന്നു. പന്ത്രണ്ട് മണി കഴിഞ്ഞാല്‍ അടുത്ത ദിവസമാണെന്ന് ഈ മണ്ടന്‍മാര്‍ ആലോചിക്കുന്നില്ല. മൗണ്ട്ബാറ്റണ്‍ ഇത് പറഞ്ഞ് ചിരിച്ചതാണ്. ഡൊമിനിക് ലാപിയര്‍, ലാരി കോളിന്‍സ് എന്നിവരെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റിനകത്ത് വിശദമായി ഇക്കാര്യങ്ങളുണ്ട്.

Exit mobile version