മണര്‍കാട് കസ്റ്റഡി ആത്മഹത്യ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സിപിഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവരെ സസ്പെന്റ് ചെയ്തു.

കോട്ടയം: മണര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. സിപിഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവരെ സസ്പെന്റ് ചെയ്തു.

ഇന്നലെയാണ് മണര്‍ക്കാട് സ്വദേശി നവാസിനെ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വീട്ടിലുള്ളവരെ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രൊട്ടക്റ്റീവ് കസ്‌ററഡി എന്ന നിലയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

കോടതിയില്‍ കൊണ്ട് പോകുന്നതിന് തൊട്ട് മുന്‍പാണ് ആത്മഹത്യയെന്നും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

അതേസമയം, കസ്റ്റഡി മരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Exit mobile version