വിരലില്‍ തുമ്പില്‍ വിസ്മയം തീര്‍ത്ത് പത്തനംതിട്ടക്കാരന്‍ അശ്വിന്‍; ഒറ്റവിരലില്‍ സ്റ്റീല്‍പാത്രം കറക്കിയത് രണ്ട് മണിക്കൂറിലധികം! ഗിന്നസ് റെക്കോര്‍ഡിലേയ്ക്ക്

പതിനൊന്നാം വയസില്‍ നോട്ടുബുക്ക് കറക്കി തുടങ്ങിയതാണ്.

പത്തനംതിട്ട: വിരല്‍ തുമ്പില്‍ വിസ്മയം തീര്‍ത്ത് പത്തനംതിട്ട കടമ്പനാട് സ്വദേശിയായ അശ്വിന്‍ ഗിന്നസ് റെക്കോര്‍ഡിലേയ്ക്ക്. ഒറ്റ വിരല്‍ കൊണ്ട് രണ്ട് മണിക്കൂറിലധികം സ്റ്റീല്‍പാത്രം കറക്കിയാണ് അശ്വിന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചത്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇതിനായി രേഖകള്‍ ഗിന്നസ് അധികൃതര്‍ക്ക് കൈമാറും.

പതിനൊന്നാം വയസില്‍ നോട്ടുബുക്ക് കറക്കി തുടങ്ങിയതാണ്. ഈ പരിശീലനമാണ് ഇപ്പോള്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറാന്‍ സഹായിച്ചത്. 260 ഗ്രാം ഭാരവും 23 സെന്റീമീറ്റര്‍ വ്യാസവുമുള്ള സ്റ്റീല്‍ പാത്രം വലതുകൈയുടെ നടുവിരലില്‍ കറക്കുക. നിലവിലെ റെക്കോര്‍ഡ് ഡല്‍ഹി സ്വദേശിയായ ഹിമാന്‍ഷു ഗുപ്തയുടെ പേരിലുള്ള ഒരു മണിക്കൂര്‍ 10 മിനിറ്റ് 39 സെക്കന്റ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അശ്വിന്റെ പ്രകടനം ആരംഭിച്ചു. റെക്കോര്‍ഡ് ഭേദിച്ചതോടെ സദസില്‍ നിന്ന് കൈയ്യടി ഉയര്‍ന്നു. ഒടുവില്‍ രണ്ട് മണിക്കൂര്‍ മൂന്നുമിനിറ്റ് എട്ടുസെക്കന്റ് എടുത്താണ് അശ്വിന്‍ പ്രകടനം അവസാനിപ്പിച്ചത്.

തിരുവല്ലയില്‍ തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പ്രകടനം പന്ത്രണ്ടരവരെയാണ് നീണ്ടത്. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സഹായവുമാണ് നേട്ടത്തിന് കാരണമെന്നും ശക്തിയെന്നും അശ്വിന്‍ പറയുന്നു. പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രവുമടക്കം രേഖകളെല്ലാം ഗിന്നസ് അധികൃതര്‍ക്ക് അയച്ചുകൊടുക്കും. വിശദമായ പരിശോധനകള്‍ക്കുശേഷമേ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകുവെന്ന് അധികൃതര്‍ അറിയിച്ചു. അശ്വിന്‍ ഇപ്പോള്‍ ഡിഗ്രി പഠനത്തിനുശേഷം പിഎസ്‌സി പരിശീലനത്തിലാണ്.

Exit mobile version