അര്‍ധരാത്രി റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച് കയറ്റി കമിതാക്കള്‍; ലക്ഷ്യമിട്ടത് ജീവനൊടുക്കാന്‍, സംഭവം ഇങ്ങനെ

ഗുരുവായൂരില്‍ നിന്നും ചെന്നൈ എഗ്മോറിലേക്കുള്ള തീവണ്ടി കടന്നുപോകുന്നതിനിടെയാണ് കമിതാക്കളുടെ ആത്മഹത്യാ ശ്രമം.

നെയ്യാറ്റിന്‍കര: അര്‍ധരാത്രി റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച് കയറ്റി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. അമരവിള എയ്തുകൊണ്ടകാണി ലെവല്‍ ക്രോസിന് സമീപമാണ് സംഭവം. കമിതാക്കള്‍ ബൈക്കില്‍ ചീറിപായുന്ത് ഗേറ്റ്കീപ്പര്‍ കണ്ടതിനെ തുടര്‍ന്നാണ് ദുരന്തം വഴിമാറിയത്. ഗേറ്റ്കീപ്പറിന്റെ ഇടപെടലിനെ തുടര്‍ന്ന് തീവണ്ടി നിര്‍ത്തിയിടുകയായിരുന്നു. ഞായറാഴ്ച രാത്രി 12.30-നാണ് സംഭവം.

ഗുരുവായൂരില്‍ നിന്നും ചെന്നൈ എഗ്മോറിലേക്കുള്ള തീവണ്ടി കടന്നുപോകുന്നതിനിടെയാണ് കമിതാക്കളുടെ ആത്മഹത്യാ ശ്രമം. തീവണ്ടി കടന്നുപോകുന്നതിന് മുന്‍പായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് ബൈക്കില്‍ യുവാവും യുവതിയും ട്രാക്കിലേക്ക് എത്തിയത്. പെട്ടെന്നുതന്നെ ഗേറ്റ്കീപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ലോക്കോ പൈലറ്റിന് തീവണ്ടി നിര്‍ത്തിയിടാന്‍ നിര്‍ദേശം നല്‍കി. തീവണ്ടി നിര്‍ത്തിയിട്ട ശേഷം ആര്‍പിഎഫ് ട്രാക്കിലൂടെ പരിശോധന നടത്തി.

അല്‍പ്പം അകലെയായി രണ്ടുപേര്‍ നില്‍ക്കുന്നത് പരിശോധനയില്‍ കണ്ടു. ഇവര്‍ അടുത്തെത്തുമ്പോഴെയ്ക്കും കമിതാക്കള്‍ രക്ഷപ്പെട്ടിരുന്നു. ഒരു കിലോമീറ്ററോളം അധികൃതര്‍ ട്രാക്കില്‍ പരിശോധന നടത്തി. തുടര്‍ന്ന് അരമണിക്കൂറിലേറെ വൈകിയാണ് തീവണ്ടിക്ക് പുറപ്പെടാനായത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഇന്റലിജന്‍സും അന്വേഷണം നടത്തി. പക്ഷേ കമിതാക്കളെ മാത്രം കണ്ടെത്താനായിട്ടില്ല. ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരള രജിസ്ട്രേഷനുള്ള ബൈക്കാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Exit mobile version