മോഷണമാരോപിച്ച് 14 വയസുകാരന് ക്രൂരമര്‍ദ്ദനം; മര്‍ദ്ദനത്തിന് പുറമെ വിവസ്ത്രനാക്കി നിര്‍ത്തി ചിത്രങ്ങളും എടുത്തുവെന്ന് പരാതി! സംഭവം പൊന്നാനിയില്‍

ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. അഞ്ചംഗ സംഘമാണ് 14 കാരനെ മര്‍ദ്ദിച്ചത്.

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ 14 വയസുകാരന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം. മോഷണം ആരോപിച്ചാണ് മര്‍ദ്ദിച്ചത്. വടി കൊണ്ട് തല്ലിചതക്കുകയായിരുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. അഞ്ചംഗ സംഘമാണ് 14 കാരനെ മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തിന് പിന്നാലെ വിവസ്ത്രനാക്കി ചിത്രം പകര്‍ത്തിയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടു. പരിക്കേറ്റ കുട്ടി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആള്‍കൂട്ട ആക്രമണങ്ങള്‍ കൂടുതലും നടക്കുന്നത് ഉത്തരേന്ത്യയിലാണ്. പശുവിനെ മോഷ്ടിച്ച് കടത്തിയെന്നാരോപിച്ചും മറ്റും ദിനവും ആളുകളെ മര്‍ദ്ദിക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. സംസ്ഥാനത്ത് ചുരുക്കമാണ് ഇത്തരം സംഭവങ്ങള്‍. സംസ്ഥാനം മറക്കാത്ത ആള്‍കൂട്ട ആക്രമണം ആദിവാസി യുവാവായ മധുവിന്റേതാണ്. മര്‍ദ്ദനത്തില്‍ മധു മരണപ്പെട്ടിരുന്നു. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് പൊന്നാനിയില്‍ നിന്നുള്ള മര്‍ദ്ദനമാണ്.

Exit mobile version