വനിതാ സംവിധായകര്‍ക്ക് കൈത്താങ്ങായി കെഎസ്എഫ്ഡിസി; സിനിമ നിര്‍മ്മിക്കാന്‍ ഒന്നരക്കോടി നല്‍കും, അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 20

രണ്ട് വനിതാ സംവിധായകര്‍ക്കാണ് ഇത്തരത്തില്‍ പണം നല്‍കുക എന്നാണ് ചലച്ചിത്ര വികസന കോര്‍പറേഷന്‍ എംഡി ദീപ നായര്‍ അറിയിച്ചത്

തിരുവനന്തപുരം: സിനിമാ സംവിധാന മോഹവുമായി നടക്കുന്ന വനിതകള്‍ക്ക് കൈത്താങ്ങായി കേരളാ ചലച്ചിത്ര വികസന കോര്‍പറേഷന്‍. സിനിമ നിര്‍മ്മിക്കാനായി കെഎസ്എഫ്ഡിസി ഇത്തവണ ഒന്നരക്കോടി രൂപയാണ് നല്‍കുന്നത്. രണ്ട് വനിതാ സംവിധായകര്‍ക്കാണ് ഇത്തരത്തില്‍ പണം നല്‍കുക എന്നാണ് ചലച്ചിത്ര വികസന കോര്‍പറേഷന്‍ എംഡി ദീപ നായര്‍ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാറിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് വനിതാ സംവിധായകര്‍ക്ക് മൂന്ന് കോടി രൂപ വകയിരുത്തിയിരിക്കുന്നത്. മുതിര്‍ന്ന സംവിധായകരും സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന പാനലാണ് അര്‍ഹരായവരെ കണ്ടെത്തുക.

ഇനി സംവിധാന മോഹമുള്ള വനിതാ സംവിധായകര്‍ ചെയ്യേണ്ടത് ഇത്രമാത്രം. സിനിമയുടെ തിരക്കഥയും ബജറ്റും ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നടീനടന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും വിശദവിവരങ്ങള്‍, സംവിധായികയുടെ ബയോഡാറ്റ എന്നിവയടങ്ങിയ അപേക്ഷ ജൂണ്‍ 20ന് വൈകീട്ട് നാലിന് മുമ്പായി ചലച്ചിത്ര വികസന കോര്‍പറേഷന് ലഭിക്കുന്ന വിധത്തില്‍ അയക്കുക. വിലാസം, മാനേജിങ് ഡയറക്ടര്‍, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍, വഴുതക്കാട്, തിരുവനന്തപുരം-14

Exit mobile version