ഇവിടെ പഠിച്ചാലും ശരി ഇല്ലെങ്കിലും ശരി, ടിസി നല്‍കണമെങ്കില്‍ പ്ലസ് വണ്‍, പ്ലസ് ടു ഫീസ് ഒരുമിച്ച് അടക്കണം; വ്യത്യസ്ത വാദവുമായി സ്‌കൂള്‍

മലപ്പുറം: ഏകജാലക സംവിധാനത്തില്‍ പ്ലസ് വണ്ണിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് ഇന്ന് അവസാനിക്കാനിരിക്കെ നിലമ്പൂരില്‍ നിന്ന് വിദ്യാലയത്തിന്റെ കഴുത്തറപ്പന്‍ വാര്‍ത്തയാണ് പുറത്ത് വരുന്നത്. പത്താം ക്ലാസ് പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ടിസി കിട്ടണമെങ്കില്‍ പ്ലസ് വണ്‍, പ്ലസ് ടു ഫീസ് ഒരുമിച്ച് അടക്കണമെന്നാണ് സ്‌കൂളിന്റെ ആവശ്യം. മലപ്പുറം എടക്കരയിലുള്ള ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്‌കൂള്‍ ഒരു ലക്ഷത്തിലധികം രൂപ ഫീസ് ആവശ്യപ്പെട്ടതായി രക്ഷിതാക്കളുടെ പരാതി.

2015ല്‍ സ്‌കൂളില്‍ ചേരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും 12ാം തരം വരെ പഠിക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഈ നിലപാടിനോട് തയ്യാറാവത്തതാണ് കാരണം. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കില്ലെന്നും വേണമെന്നുണ്ടെങ്കില്‍ 2 വര്‍ഷത്തെ ഫീസ് അടയ്ക്കണമെന്നും ആവശ്യപ്പെട്ടത്.

ഏഴ് വിദ്യാര്‍ത്ഥികളാണ് ടിസി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ടിസി നല്‍കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചൈള്‍ഡ് ലൈന് പരാതി നല്‍കി. സ്‌കൂള്‍ ചെയ്യുന്നത് നിയമ ലംഘനമാണെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം തീരുമാനത്തില്‍ നിന്ന് പിന്മാറണമെങ്കില്‍ കോടതിയില്‍ നിന്ന് നിയമപരമായ നോട്ടീസ് വാങ്ങി വരൂ എന്നാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് പറയുന്നത്.

Exit mobile version