കോഴിക്കോട്: നീലേശ്വരം സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ തടഞ്ഞുവെച്ച പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കൊമേഴ്സ് വിദ്യാര്‍ത്ഥിനി അഖിലയുടെ പരീക്ഷാ ഫലമാണ് പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥിനിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അധ്യാപകന്‍ എഴുതിയ മാര്‍ക്ക് വെട്ടിക്കുറച്ചണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.
അതേസമയം, സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് അന്വേഷണം നീണ്ടുപോവുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാന്‍ താല്‍ക്കാലിക അനുമതി നല്‍കണമെന്നും പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ നിലപാടില്‍ മാറ്റം വരുത്തി സേ പരീക്ഷ എഴുതാന്‍ തയ്യാറാണെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌ക്കൂളിനെ അറിയിച്ചു. ജൂണ്‍ 10നാണ് സേ പരീക്ഷ.
പ്ലസ് വണ്ണിലെ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരീക്ഷയില്‍ തിരുത്തല്‍ കണ്ട സാഹചര്യത്തില്‍ പ്ലസ് വണ്ണിലെ 32 കുട്ടികള്‍ വീണ്ടും ഓഗസ്റ്റില്‍ നടക്കുന്ന ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതേണ്ടി വരും. അതിനിടെ പരീക്ഷ എഴുതിയ പ്രതിയായ അധ്യാപകര്‍ നിഷാദ് വി മുഹമ്മദ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോടതി വേനല്‍ അവധി ആയതിനാല്‍ കേസ് 17 ന് പരിഗണിക്കും.
