തൃശ്ശൂര്‍ പൂരം കൊടിയിറങ്ങുമ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിറഞ്ഞ് പൂരപ്പറമ്പ്; വൃത്തിയാക്കാന്‍ നാടോടി സംഘങ്ങള്‍

തൃശ്ശൂര്‍; തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ തെക്കിന്‍കാട് മൈതാനത്തില്‍ ബാക്കിയാകുന്നത് കിലോ കണക്കിന് വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പൂരം കാണാന്‍ എത്തിയ ആളുകളുടെ മൂന്ന് ഇരട്ടിയോളം വരും പൂരപ്പറമ്പിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വരുത്തി വയ്ക്കുന്ന വിപത്തിനെ ഒരു പരിധി വരെ എങ്കിലും തടയുന്നത് ഉരും പേരും അറിയാത്ത, നമ്മളില്‍ പലരും അറപ്പോടെ കാണുന്ന നാടോടി സംഘങ്ങളാണ്.

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം പൂരപ്രേമികളുടെയും, ആന പ്രേമികളുടെയും, മേളപ്രേമികളുടെയും ഇഷ്ട ഇടമാണ്. അത് കൊണ്ട് തന്നെ പൂരം കൂടാന്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പൂരത്തിന് ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്.

എന്നാല്‍ ഇവര്‍ പൂരമ്പറമ്പില്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അളവ്, പൂരം കാണാന്‍ എത്തുന്നവരെക്കാള്‍ മൂന്ന് ഇരട്ടിയാണ്. കുടിവെള്ളത്തിന്റെ കുപ്പികളാണ് ഇതില്‍ ഭൂരിഭാഗവും. ഈ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വരുത്തി വയ്ക്കുന്ന വിപത്തിനെ ഒരു പരിധിവരെ എങ്കിലും തടയുന്നത് പൂരമ്പറമ്പിലെ ഊരും പേരും അറിയാത്ത നാടോടി സംഘങ്ങളാണ്.

പ്രകൃതിക്ക് ഭീഷണിയാകുന്ന പൂരമ്പറമ്പിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പെറുക്കി കൂട്ടുന്നത് ഇത്തരം നാടോടി സംഘങ്ങളാണ്. പെറുക്കി കൂട്ടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ചെറുകെട്ടുകളാക്കി പ്ലാസ്റ്റിക്ക് കുപ്പി ഉത്പാദിപ്പിക്കുന്ന കമ്പനികളില്‍ കൊടുക്കും. കമ്പനികള്‍ അത് റീസൈക്കില്‍ ചെയ്ത് വീണ്ടും ഉപയോഗിക്കുകയാണ് പതിവ്.

ഇത്തരം നാടോടി സംഘങ്ങളുടെ ഉപജീവന മാര്‍ഗ്ഗമാണ് ഇത് എങ്കിലും പ്ലാസ്റ്റിക്ക് വരുത്തി വയ്ക്കുന്ന വിപത്തിനെ ഒരു പരിധി വരെ തടയാന്‍ ഇവ സഹായിക്കുന്നുണ്ട്.

അതെസമയം, ഇത്തവണ പൂരപ്പറമ്പില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ടുവരരുത് എന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. നിര്‍ദ്ദേശം നിലനില്‍ക്കേ, കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഇത്തവണ പൂരപ്പറമ്പില്‍ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. അധികൃതരുടെ ഭാഗത്ത് നിന്ന് പോലും ഹരിത ചട്ട നിര്‍ദ്ദേശം പാലിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.

Exit mobile version