എന്തൊരു ഗതികേടാണ്, തൃശ്ശൂര്‍ പൂരം കാണണമെങ്കില്‍ ഒന്നുകില്‍ പോലീസില്‍ ചേരണം അല്ലെങ്കില്‍ കമ്മിറ്റിയില്‍ ചേരണം; സീരിയസ് ആയി ട്രോളന്മാര്‍

തൃശ്ശൂര്‍: തൃശ്ശൂരിലെ ഏറ്റവും വലിയ ട്രോള്‍ ഗ്രൂപ്പാണ് ട്രോള്‍ തൃശ്ശൂര്‍. ഇവര്‍ തൃശ്ശൂര്‍ പൂരം പൊടി പൊടിക്കുകയാണ്. ഇന്നലെ രാവിലെ ഇവര്‍ പൂരം കാണാന്‍ എത്തുന്നവര്‍ക്ക് തൊപ്പി വിതരണം നടത്തി. പൂരം കാണുക എന്ന് മാത്രമല്ല തരംകിട്ടിയാല്‍ ട്രോളാന്‍ എന്തെങ്കിലും വക കിട്ടുമോ എന്നും ഇവര്‍ നോക്കുന്നുണ്ട്. എന്നാല്‍ തമാശകള്‍ക്ക് പുറമെ ചില നഗ്നസത്യങ്ങള്‍ ഇപ്പോള്‍ ഇവര്‍ തുറന്ന് പറഞ്ഞിരിക്കുന്നു.

ജില്ലാ ട്രോള്‍ പേജ് എന്ന നിലയില്‍ തൃശ്ശൂര്‍ പൂരം തകര്‍ക്കുകയാണ് ട്രോള്‍ തൃശ്ശൂര്‍. എല്ലാ വര്‍ഷവും ഓരോ തീമുമായാണ് ഈ ട്രോളന്മാര്‍ പൂരത്തിന് എത്താറുള്ളത്. കഴിഞ്ഞ തവണ ചെരിഞ്ഞ ആന ശിവസുന്ദറിന്റെ ഫോട്ടോ ടീ ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തായിരുന്നു അവര്‍ രംഗത്തെത്തിയത്. ഇത്തവണ ഏറെ വിവാദവും പിന്നീട് ആന പ്രേമികളുടെ ആഗ്രഹം പോലെ എത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഫോട്ടോ പ്രിന്റ് ചെയ്ത ടീഷര്‍ട്ട് ധരിച്ചാണ് ട്രോള്‍ തൃശ്ശൂര്‍ രംഗത്തെത്തിയത്. രാമചന്ദ്രന്‍ തൃശ്ശൂര്‍കാരുടെ വികാരമാണെന്നും ട്രോളന്മാര്‍ പറയുന്നു. രാമന്‍ ഒരിക്കല്‍ രാജാവ്, ഇന്നും രാജാവ്, എന്നും രാജാവ് എന്ന മുദ്രാവാക്യവും ട്രോള്‍ തൃശ്ശൂര്‍ ഉയര്‍ത്തി.

അതേസമയം തമാശകള്‍ മാത്രമല്ല അല്‍പം സീരിയസ് ആകാനും ഈ ട്രോളന്മാര്‍ക്ക് അറിയാം. പോലീസ് ഒരുക്കിയ സുരക്ഷ തെറ്റായ രീതിക്കായിരുന്നു എന്നും ജനങ്ങള്‍ക്ക് പൂരം കാണാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ല എന്നും അവര്‍ ആരോപിച്ചു. അതേസമയം ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷ ഒരുക്കണം പക്ഷെ ആദ്യം ജനങ്ങള്‍ക്ക് പൂരം കാണാനുള്ള സൗകര്യം ഒരുക്കിയ ശേഷം മാത്രമേ സുരക്ഷ ഒരുക്കേണ്ടിയിരുന്നുള്ളൂ എന്നാണ് ട്രോളന്മാര്‍ പറഞ്ഞത്.

ഇത്തവണ പൂരം പോലീസുകാര്‍ക്കും കമ്മിറ്റിക്കാര്‍ക്കും കാണാന്‍ മാത്രമുള്ളതായി എന്നും ട്രോളന്മാര്‍ പ്രതികരിച്ചു. മാത്രമല്ല അടുത്ത തവണ പൂരം ആഘോഷിക്കണമെങ്കില്‍ ഒന്നുകില്‍ പോലീസില്‍ ചേരണം അല്ലെങ്കില്‍ കമ്മിറ്റിയില്‍ ചേരണം എന്നും ട്രോള്‍ തൃശ്ശൂര്‍ പറഞ്ഞു. മാത്രമല്ല പല മധ്യമങ്ങളും റേറ്റിംഗ് കൂട്ടാന്‍ തൃശ്ശൂര്‍ പൂരത്തെ കരുവാക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

Exit mobile version