വാഹന മോഷണ കേസ് പ്രതിയുടെ വീട്ടില്‍ വിശദമായ പരിശോധനയ്ക്ക് എത്തി; പോലീസ് അവിടെ നിന്നും കണ്ടെത്തിയത് മാന്‍ കൊമ്പുകള്‍

കോഴിക്കോട്: വാഹന മോഷണക്കേസിലെ പ്രതിയുടെ വീട്ടില്‍ വിശദമായ പരിശോധനയ്ക്ക് എത്തിയ പോലീസ് കണ്ടെടുത്തത് മാന്‍ കൊമ്പുകള്‍. മലപ്പുറം അരീക്കോട് സ്വദേശി പാറത്തൊടി മുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് മാന്‍ കൊമ്പുകള്‍ കണ്ടെടുത്തത്.

അരീക്കോട് എടവണ്ണപ്പാറ സ്വദേശി വിപി മുനീബിന്റെ കാര്‍ 2017ല്‍ മുഹമ്മദ് വാടകയ്ക്ക് എടുത്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല. കാര്‍ അയല്‍സംസ്ഥാനങ്ങളിലെവിടെയോ വിറ്റതായി മനസിലാക്കിയ മുനീബ് അരീക്കോട് പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ കഴിഞ്ഞ ബംഗലൂരുവില്‍ നിന്നും കണ്ടെടുത്തു. മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് മുഹമ്മദിന്റെ വീട്ടില്‍ വിശദമായ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മാന്‍ കൊമ്പുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മറ്റൊരാള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണ് ഇവയെന്നാണ് മുഹമ്മദിന്റെ വാദം. എന്നാല്‍ മാനുകളെ വെടിവെച്ച് കൊന്നശേഷം കൊന്‌പെടുത്തതാണന്ന് പോലീസ് സംശയിക്കുന്നു. കേസ് വനംവകുപ്പിന് കൈമാറി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Exit mobile version