തെരഞ്ഞെടുപ്പ് ഫലത്തിന് രണ്ടാഴ്ച കൂടി; ഇടപ്പള്ളി പള്ളിയില്‍ കോഴി നേര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍, മേല്‍നോട്ടം വഹിച്ചത് ബെന്നി ബെഹനാന്‍

എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനടക്കം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം നേര്‍ച്ചയില്‍ പങ്കുകൊള്ളാന്‍ പള്ളിയില്‍ എത്തിയിരുന്നു.

ഇടപ്പള്ളി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ടാഴ്ച മാത്രമാണ് ബാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും നെഞ്ചിടിപ്പും കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ഇടപ്പള്ളി പള്ളിയില്‍ കോഴി നേര്‍ച്ച നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹനാന്‍ ആണ് കോഴി നേര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ചത്. ഇടപ്പള്ളി പെരുനാളിന്റെ കോഴി നേര്‍ച്ച മുടക്കാത്ത വിശ്വാസി കൂടിയാണ് അദ്ദേഹം.

എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനടക്കം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം നേര്‍ച്ചയില്‍ പങ്കുകൊള്ളുവാന്‍ പള്ളിയില്‍ എത്തിയിരുന്നു. കുടുംബ സമേതമാണ് ബെന്നി ബെഹനാന്‍ എത്തിയത്. കോഴിക്കറി വെയ്ക്കുന്നതിലും മേല്‍നോട്ടം നേതാവിന് തന്നെയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ മുതിര്‍ന്ന നേതാവ് എന്‍ വേണുഗോപാലും ചട്ടുകം കൈയിലെടുത്തു എംഎല്‍എമാരും ഡിസിസി പ്രസിഡന്റും മേയറും ഒക്കെ എത്തിയതോടെ അടുപ്പിനു ചുറ്റും ഡിസിസി യോഗം ചേര്‍ന്ന പ്രതീതിയായി.

സ്ഥാനാര്‍ത്ഥികളും ഡിസിസി പ്രസിഡന്റും ഒരുമിച്ചായി പാചകം. എല്ലാവരും മാറി മാറി കൈവച്ച് കോഴിക്കറി നിമിഷങ്ങള്‍ക്കകം തയ്യാറായി. വന്നവര്‍ക്കെല്ലാം നേര്‍ച്ചയായി ചൂടു കോഴിക്കറിയും ബ്രഡും വിതരണം ചെയ്തു. നേര്‍ച്ചയുടെ അനുഗ്രഹം തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉണ്ടാകുമോ എന്ന് ചോദ്യവുമായി സോഷ്യല്‍മീഡിയയും രംഗത്തുണ്ട്.

Exit mobile version