നിയമ തടസമില്ലെങ്കില്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കും; ദേവസ്വം മന്ത്രി

നിയമ തടസ്സമില്ലെങ്കില്‍ പൂരത്തിന് തെക്കേ ഗോപുര നട തള്ളി തുറന്ന് പൂരം വിളംബരം നടത്താന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് അനുമതി നല്‍കുന്നതിനു വേണ്ടി പരിശ്രമിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിനായി പരിശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമ തടസ്സമില്ലെങ്കില്‍ പൂരത്തിന് തെക്കേ ഗോപുര നട തള്ളി തുറന്ന് പൂരം വിളംബരം നടത്താന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് അനുമതി നല്‍കുന്നതിനു വേണ്ടി പരിശ്രമിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

രാമചന്ദ്രന്റെ വിലക്കില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ എന്തെങ്കിലും തടസം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും, തടസമില്ലെങ്കില്‍ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം ഭംഗിയായി നടക്കാന്‍ വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ബിജെപിയുടെ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിഷേധത്തിന് വകയില്ലാതെ ഇരിക്കുകയാണല്ലോ ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ ഇതെല്ലാം പ്രതിഷേധം ആക്കുന്നവരാണ്. അവരുടെ പ്രതിഷേധത്തിലൊന്നും കാര്യമില്ലെന്നും ശബരിമലയില്‍ രാഷ്ട്രീയം കളിച്ചു, ഇപ്പോള്‍ ആനയുടെ കാര്യത്തില്‍ രാഷ്ട്രീയം കളിക്കാന്‍ പറ്റുമോയെന്ന് നോക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version