ദേശീയ പണിമുടക്ക്; വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയ നടപടി സ്വാഗതാര്‍ഹം; മന്ത്രി കടകംപള്ളി

ദേശീയ പണിമുടക്കില്‍ നിന്നും വിനോദസഞ്ചാര മേഖലയെ ഒഴിവാക്കിയ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം; കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെ. അതേസമയം, ദേശീയ പണിമുടക്കില്‍ നിന്നും വിനോദസഞ്ചാര മേഖലയെ ഒഴിവാക്കിയ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ടൂറിസം സീസണ്‍ ആയതിനാല്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും ഇതിനകം തന്നെ ബുക്കിംഗ് എടുത്ത ഹോട്ടലുകളെയും ഹൗസ് ബോട്ടുകളെയും പണിമുടക്ക് ബാധിക്കുമെന്നതും ഉള്‍പ്പടെ കണക്കിലെടുത്താണ് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കണമെന്നത് അഭ്യര്‍ത്ഥിച്ചത്.

ഈ ആവശ്യത്തിന് അനുകൂലമായി നിലപാടെടുത്ത സമരസമിതിയെ അഭിവാദ്യം ചെയ്യുന്നതായും കടകംപള്ളി പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് വിവിധ ഹോട്ടല്‍, ഹൗസ് ബോട്ട് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകള്‍ ടൂറിസം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പണിമുടക്ക്. അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാര മേഖല കൂടാതെ ശബരിമല തീര്‍ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Exit mobile version