ആന ഉടമകളെ അനുനയിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങി സര്‍ക്കാര്‍; നാളെ തന്നെ ചര്‍ച്ച നടത്തുമെന്ന് കടകംപള്ളി

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മനോഹരമായി പൂരം നടത്തുന്നതിനുവേണ്ടി ആന ഉടമകളുടെ സംഘടനയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഒരു ആനകളെയും ഉത്സവങ്ങള്‍ക്ക് അയക്കില്ലെന്നു അറിയിച്ച ആന ഉടമകളുടെ സംഘടനയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മനോഹരമായി പൂരം നടത്തുന്നതിനുവേണ്ടി ആന ഉടമകളുടെ സംഘടനയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഉടമകള്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണകളോ സംശയങ്ങളോ ഉണ്ടെങ്കില്‍ അത് തീര്‍ക്കുന്നതിന് സഹായകരമായ തരത്തില്‍ ഒരു കൂടിയാലോചന നടത്തണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

സര്‍ക്കാറിനെ സംബന്ധിച്ച് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ പിടിവാശിയൊന്നുമില്ല. നമ്മുടെ ചുറ്റുമുള്ള അപകടങ്ങളെ നമ്മള്‍ നോക്കിക്കാണേണ്ടതായിട്ടുണ്ട്. പതിനായിരക്കണക്കിന് ജനങ്ങള്‍ കൂടുന്ന സ്ഥലമാണ് തൃശ്ശൂര്‍ പൂരം.

സുരക്ഷ വളരെ പ്രധാനപ്പെട്ട കാര്യമാണ്. സുരക്ഷയെ മുന്‍നിര്‍ത്തിക്കൊണ്ട് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന ഉത്തരവുകളെ സര്‍ക്കാറിന് മറികടക്കാന്‍ സാധിക്കുമോയെന്ന വലിയ പ്രശ്നമുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാറിനെയല്ലേ എല്ലാവരും പഴിപറയുക. ഉത്തരവ് ഉണ്ടായിട്ടും അതിനെ മറികടന്ന് എഴുന്നള്ളിക്കാനായിട്ട് സമ്മതിച്ചു, തിടമ്പേറ്റാന്‍ സമ്മതിച്ചു എന്നൊക്കെ പറഞ്ഞ് സര്‍ക്കാറിനെതിരായിട്ടുള്ള പുലഭ്യം പറച്ചിലായിരിക്കും എന്തെങ്കിലും സംഭവിച്ചാലുണ്ടാവുക.

ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. നാളെ തന്നെ ആനയുടമ സംഘവുമായി കൂടിയാലോചിച്ച് പൂരം നന്നായി നടത്താന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version