ദേശീയ പാത വികസനം; സ്ഥലമെടുപ്പ് നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്, സാധിക്കില്ലെന്ന് കേരളം

ദേശീയ പാത വികസനത്തിനായി കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്.

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിര്‍ത്തി വെക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കേന്ദ്ര സര്‍ക്കാരിന് കത്ത് ്അയച്ചത്.

ദേശീയ പാത വികസനത്തിനായി കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ദേശീയ പാത വികസനത്തിന്റെ രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറ്റിയിതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

എന്നാല്‍ സംസ്ഥാനത്തെ പല ജില്ലകളിലെയും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി വരികയാണെന്നും ഈ ഘട്ടത്തില്‍ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നും, കേരളത്തെ ഒന്നാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റണമെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.

കണ്ണൂര്‍, കോഴിക്കോട്, തുടങ്ങിയ ജില്ലകളില്‍ സ്ഥലം ഏറ്റെടുപ്പ് 80 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളിലും ഏതാണ്ട് 50 ശതമാനത്തോളം സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കണ്ണൂരിലും കാസര്‍കോടും സര്‍ക്കാരിന് സ്ഥലം നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

വലിയ പ്രതിസന്ധികളും പ്രാദേശിക പ്രതിഷേധങ്ങളും മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ കീഴാറ്റൂരിലേതടക്കം നിരവധി പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ണമായി നിര്‍ത്തിവെക്കണമെന്ന കേന്ദ്ര ഉത്തരവ് ഒരു കാരണവശാലും നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

Exit mobile version