അത്തര്‍ വില്‍പനക്കാരനായി വന്നു, തൃശ്ശൂര്‍ പൂരത്തിനും കൊച്ചിയിലെ പ്രമുഖ മാളിലും സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ടു; റിയാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ചാവേര്‍ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ലോക ജനത ഭയന്ന് ഇരിക്കുകയാണ്. പ്രത്യേകിച്ച് കേരളവും തമിഴ്‌നാടും. കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസ് അബൂബക്കര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് മൊഴി നല്‍കിയത്. ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന്‍ സഹ്റാന്‍ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ്.

പാലക്കാട് കൊല്ലംകോട് സ്വദേശിയാണ് റിയാസ്. ഇയാള്‍ കേരളത്തിലെ പല സ്ഥലങ്ങളിലും ആക്രമണത്തിന് ഭീകരന്‍ പദ്ധതിയിട്ടിരുന്നു. കൊടുങ്ങല്ലൂരിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

മെട്രോ നഗരമായ കൊച്ചിയുള്‍പ്പടെയുള്ള സ്ഥലങ്ങളാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. മറൈന്‍ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയായിരുന്നു റിയാസ് കഴിഞ്ഞിരുന്നത്. നഗരത്തിലെ ഒരു പ്രമുഖ മാളില്‍ ഇതേ വേഷത്തില്‍ എത്തിയ റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എന്നാല്‍ മാള്‍ മാനേജ്മെന്റിനോ അധികൃതര്‍ക്കോ ഇവരെ കുറിച്ച് ഒന്നും അറിയില്ല. മാളില്‍ കാഴ്ചകള്‍ കാണാനെത്തുന്നവരെ പോലെ ഇവര്‍ എത്തി യോഗം ചേരുകയായിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവരെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല.

തൃശൂര്‍ പൂരത്തിനും സ്‌ഫോടനം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി. ഇതിന്പുറമേ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്ഫോടനത്തിന് റിയാസ് പദ്ധതിയിട്ടിരുന്നു. ഇതിനുള്ള സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പാലക്കാട്ട് അത്തറും തൊപ്പിയും വില്പനക്കാരനായി അറിയപ്പെട്ടിരുന്ന റിയാസിന്റെ തട്ടകം ഏതാനും മാസങ്ങളായി കൊച്ചിയായിരുന്നു.

Exit mobile version