ഒരു ഡസനിലേറെ നേതാക്കള്‍ തിങ്കളാഴ്ച ബിജെപിയില്‍ ചേരും! ഡിസിസി നേതാക്കളും എസ്എഫ്‌ഐ നേതാക്കളും അക്കൂട്ടത്തിലുണ്ടെന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ടയില്‍ തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ ഇവര്‍ ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരു ഡസനിലധികം നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. പത്തനംതിട്ടയില്‍ തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ ഇവര്‍ ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

ബിജെപിയിലേക്ക് വരുന്ന നേതാക്കളെല്ലാം അതാത് പാര്‍ട്ടികളുടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്, എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റും, ഡിസിസിഭാരവാഹികള്‍, ഇടതു മുന്നണി ലോക്കല്‍ കണ്‍വീനര്‍ എന്നിവരെല്ലാം ഈ കൂട്ടത്തിലുണ്ടെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇവര്‍ക്കെല്ലാം പാര്‍ട്ടി അംഗത്വം കൈമാറിയതാണെന്നും നാളെ നടക്കുന്ന ചടങ്ങില്‍ ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ജി രാമന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ജി രാമന്‍ നായര്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും കൊടുത്തിരുന്നു.

Exit mobile version