വീശിയടിച്ച് കാറ്റും മഴയും; കൊല്ലത്ത് ഇഷ്ടിക കമ്പനിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് യുവാവിന് ദാരുണാന്ത്യം, സ്ഥാപന ഉടമ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്

തൊട്ടടുത്ത പുരയിടത്തില്‍ തടി മുറിക്കാനെത്തിയതായിരുന്നു ഷിനു എന്ന മുഹമ്മദ് ബിലാല്‍

കൊല്ലം: തെക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്രാപിക്കുകയാണ്. കൊല്ലത്ത് ഇഷ്ടിക കമ്പനിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് യുവാവിന് ദാരുണാന്ത്യം. മണ്ണടി സ്വദേശി മുഹമ്മദ് ബിലാല്‍ (26) ആണ് മരിച്ചത്. സ്ഥാപന ഉടമ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേല്‍ക്കൂര തകര്‍ന്ന് വീണ് പരിക്കേറ്റ ബിലാലിനെ നാട്ടുകാര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. തൊട്ടടുത്ത പുരയിടത്തില്‍ തടി മുറിക്കാനെത്തിയതായിരുന്നു ഷിനു എന്ന മുഹമ്മദ് ബിലാല്‍. ശക്തമായ കാറ്റിലും മഴയിലും സമീപത്തെ സാരഥിബ്രിക്സ് എന്ന കട്ടചൂളയിലേക്ക് ഓടിക്കയറിയതായിരുന്നു. കാറ്റ് കൂടുതല്‍ ശക്തമായതോടെ കമ്പനിയുടെ മേല്‍ക്കുരയും ചുമരും പൊളിഞ്ഞ് വീഴുകയായിരുന്നു.

ഫോനി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. 9 ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version