മകന്റെ ജീവനെടുത്ത കാമുകന്‍ അരുണ്‍ ആനന്ദിനെതിരെയുള്ള മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് യുവതി; പ്രതിയാകില്ല, പ്രധാന സാക്ഷിയാക്കി കുറ്റപത്രം ഒരുങ്ങുന്നു!

കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

തൊടുപുഴ: തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരന്‍ മൃഗീയ മര്‍ദ്ദനമേറ്റ് മരണപ്പെട്ടത് കേരളക്കരയെ ഇന്നും വേദനപ്പിക്കുന്ന ഒന്നാണ്. അരുണ്‍ ആനന്ദ് എന്ന അമ്മയുടെ സുഹൃത്തിന്റെ കരങ്ങളാലാണ് ഏഴു വയസുകാരന്‍ മരണപ്പെട്ടത്. ഇപ്പോള്‍ അരുണ്‍ ആനന്ദിനെ പ്രതിയാക്കി കുറ്റപത്രം ഒരുങ്ങുകയാണ്. കുട്ടിയുടെ അമ്മ പ്രതിയാകില്ല, മറിച്ച് പ്രധാന സാക്ഷിയായേക്കുമെന്നാണ് വിവരം.

കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കാമുകനെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് യുവതി പറയുന്നു. ഇതോടെയാണ് യുവതിയെ പ്രധാന സാക്ഷിയാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഏഴു വയസുകാരനായ തന്റെ മകന്റെ മരണത്തിന് ഉത്തരവാദി തനിക്കൊപ്പം കഴിഞ്ഞിരുന്ന അരുണ്‍ ആനന്ദ് മാത്രമാണെന്നാണ് യുവതി മൊഴി നല്‍കി. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞായിരുന്നു പ്രതി കുട്ടികളെ ആക്രമിച്ചിരുന്നത്.

സ്‌കൂളില്‍ എന്നേപ്പറ്റി എന്താടാ നീ പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു കുട്ടിയെ അരുണ്‍ ആനന്ദ് സംഭവദിവസം ആക്രമിച്ചതെന്ന് യുവതി പോലീസിനോട് പറയുന്നു. അരുണ്‍ തന്നെയും മര്‍ദിച്ചിരുന്നെന്നും യുവതി മൊഴിനല്‍കി. സംഭവശേഷം കൗണ്‍സിലര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന യുവതി മാനസികാരോഗ്യം വീണ്ടെടുത്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കുന്നത് പരിഗണിച്ചെങ്കിലും മറ്റു സാക്ഷികളില്ലാത്തതിനാല്‍ മുഖ്യപ്രതി രക്ഷപെടാന്‍ കാരണമാകുമെന്നാണ് നിയമോപദേശം. ഇവരുടെ രഹസ്യമൊഴി ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version