യാത്രകള്‍ അധികവും രാത്രിയില്‍! എല്ലാ ഇടപാടുകളിലും കൂടെയുണ്ടായിരുന്നത് കുട്ടിയുടെ അമ്മ; ലഭിക്കുന്ന മൊഴികള്‍ അരുണിന് ഇരട്ടക്കുരുക്കാകും, പഴുതടച്ച് പോലീസ്

രാത്രികാലങ്ങളില്‍ അരുണ്‍ യുവതിയുമായി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു

തൊടുപുഴ: കുമാരമംഗലത്ത് ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിന് ഇരട്ടക്കുരുക്ക് ഒരുക്കി പോലീസ്. എല്ലാ പഴുതുകളും അടച്ചാണ് കേസില്‍ അരുണിനെ പ്രതിയാക്കിയിട്ടുള്ളത്. അരുണ്‍ യാത്രകള്‍ അധികവും നടത്തിയിരുന്നത് രാത്രിയിലാണ്. കൂട്ടിന് സദാസമയവും കുട്ടിയുടെ അമ്മയും ഉണ്ടാകും. അരുണിന്റെ എല്ലാ ഇടപാടുകളിലും കൂടെയുണ്ടായിരുന്നതും ഇവരായിരുന്നു. ഇതോടെ ഇവരുടെ മൊഴികളില്‍ അരുണിന് ഇരട്ടക്കുരുക്ക് ആകും എന്നതില്‍ സംശയമില്ല.

രാത്രികാലങ്ങളില്‍ അരുണ്‍ യുവതിയുമായി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള അരുണ്‍ ആനന്ദ്, ലഹരി വസ്തുക്കള്‍ കൈമാറുന്നത് ഇവരെ മറയാക്കിയിരുന്നോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അരുണിന്റെ കാറിനുള്ളില്‍ നിന്ന് പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയില്‍ നിന്നു 2 വലിയ പ്രഷര്‍ കുക്കറും ബക്കറ്റും പാറക്കല്ലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതും സംശയത്തിന് വഴിവെച്ചിട്ടുണ്ട്. കാറിനുള്ളില്‍ മഴു സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കാറിനുള്ളില്‍ കണ്ടെത്തിയ രക്തക്കറ ഫൊറന്‍സിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. നിലവില്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്‌ കാര്‍.

മുഴുവന്‍ സമയവും കാറിലായിരുന്നു അരുണിന്റെയും യുവതിയുടെയും യാത്രകള്‍. രണ്ടു മക്കളെയും രാത്രി വീട്ടില്‍ തനിച്ചാക്കി, വീടു പൂട്ടിയ ശേഷം രാത്രി 11 മണിയോടെയാണ് യുവതി, അരുണിനൊപ്പം പുറത്തിറങ്ങുക. പുലര്‍ച്ചെ 5 മണിയോടെയാണ് തിരികെ വരുന്നതും. അന്ന് അതില്‍ പലരും ദുരൂഹതയുണ്ടെന്ന് വെളിവാക്കിയതുമാണ്. പക്ഷേ ശ്രദ്ധ കൊടുത്തിരുന്നില്ല. വരുന്ന സമയങ്ങളിലെല്ലാം അരുണ്‍ മദ്യപിച്ച് അവശനായ നിലയിലായിരിക്കും. യുവതിയാണ് ഡ്രൈവ് ചെയ്യുക. തൊടുപുഴ പോലീസിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ നഗരത്തില്‍ നടത്തിയ പട്രോളിങ്ങിനിടെ പലപ്പോഴും ഇവരെ കണ്ടിട്ടുണ്ട്. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭ്യമായിട്ടുണ്ട്.

തൊടുപുഴയില്‍ അരുണ്‍ ആനന്ദുമായി അടുപ്പം പുലര്‍ത്തിയിരുന്നവരും നിരീക്ഷണത്തിലുണ്ട്. തൊടുപുഴ മേഖലയിലെ ഒരു സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമയുമായി അരുണ്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇയാളുമൊത്ത് അരുണ്‍ പതിവായി മദ്യപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി അരുണിന് പണമിടപാടുകളുണ്ടായിരുന്നതായും തെളിവുകള്‍ ലഭ്യമായി. അരുണും യുവതിയും നഗരത്തിലെ ഒരു ബാര്‍ ഹോട്ടലില്‍ രാത്രികാലങ്ങളില്‍ സ്ഥിരമായി എത്തിയിരുന്നു. ഇവിടെ വച്ച് പലതവണ വഴക്കിട്ടിരുന്നു. ഒരിക്കല്‍, അരുണ്‍ യുവതിയുടെ കരണത്തടിച്ച വിവരവും ലഭിച്ചിട്ടുണ്ട്.

Exit mobile version