കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നു, മാനസിക അസ്വാസ്ഥ്യത്തിനു പുറമെ മോഷണ സ്വഭാവവും ഉണ്ടായിരുന്നു; ചേര്‍ത്തലയിലെ ആതിരയെ കുറിച്ച് നാട്ടുകാര്‍

ശനിയാഴ്ച ഉച്ചവരെ ഓടിക്കളിച്ചിരുന്ന കുട്ടിയെയാണ് ഒന്നരയോടെ ചലനമറ്റനിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ ആതിരയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നാട്ടുകാര്‍ രംഗത്ത്. ആതിരയ്ക്ക് മാനസിക നിലയില്‍ തകരാര്‍ ഉള്ളതായി സമീപവാസികള്‍ വെളിപ്പെടുത്തി. അവര്‍ കുഞ്ഞിനെ നിരന്തരം ഉപ്രദവിക്കാറുള്ളതായും ഇടയ്ക്ക് മറ്റുള്ള കുട്ടികളെയും ഉപദ്രവിച്ചിരുന്നുവെന്നും വെളിപ്പെടുത്തുന്നുണ്ട്.

ഇവയ്‌ക്കെല്ലാം പുറമെ ആതിരയ്ക്ക് മോഷണ സ്വഭാവവും ഉള്ളതായി നാട്ടുകാര്‍ പറയുന്നു. അമൃതം പൊടി വാങ്ങാന്‍ അങ്കണവാടിയിലെത്തിയപ്പോള്‍ ഇവര്‍ ഒരു വിദ്യാര്‍ത്ഥിയുടെ മാല പിടിച്ചുപറിച്ചിരുന്നു. അങ്കണവാടി അധികൃതര്‍ ഇത് ശ്രദ്ധിച്ചെന്ന് മനസ്സിലാക്കിയ ഉടന്‍തന്നെ ഇവര്‍ ശ്രമം ഉപേക്ഷിച്ച് മാല അധികൃതര്‍ക്ക് ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം, മാല ഇറുകിയതിനെത്തുടര്‍ന്ന് കുട്ടിയുടെ കഴുത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച ഉച്ചവരെ ഓടിക്കളിച്ചിരുന്ന കുട്ടിയെയാണ് ഒന്നരയോടെ ചലനമറ്റനിലയില്‍ കണ്ടെത്തിയത്. അമ്മയുടെ പങ്കിന് പുറമെ സംഭവത്തില്‍ അമ്മൂമ്മയ്ക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടിയുടെ പിതാവ് ഷാരോണ്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതേസമയം, അമ്മ കുട്ടിയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കുമായിരുന്നുവെന്നും അയല്‍വാസികള്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയ്ക്ക് രണ്ട് മാസം പ്രായമുള്ളപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി. ഇക്കാര്യത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. രണ്ട് മാസം മുമ്പ് കുഞ്ഞിനെ ഉപദ്രവിച്ചതിലും കുട്ടിയുടെ അമ്മയ്ക്കെതിരെ പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ കേസുണ്ട്.

Exit mobile version