കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

കാസര്‍കോട്: കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്തെ ഇളക്കിമറിക്കുന്നത്. കോണ്‍ഗ്രസാണ് കള്ളവോട്ട് നടത്തിയെന്ന് തോന്നിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. സിപിഎമ്മിന്റെ ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും അടക്കമുള്ളവരാണ് കള്ളവോട്ട് ചെയ്തതെന്നും കോൺഗ്രസ് ആരോപിക്കുന്നു. കാസര്‍കോട് മണ്ഡലത്തിലേതെന്ന് വിശദീകരിച്ചാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം.

പുറത്തു വന്ന ദൃശ്യങ്ങളിലെ സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്നതിനായി എത്തി. കൈയില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തില്‍ ആറോളം പേര്‍ ഈ ഒരു ബൂത്തില്‍ മാത്രം കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നും ആരോപിക്കുന്നു.

മറ്റൊരു സ്ത്രീ വോട്ടര്‍ ഒരു മണിക്കൂറോളം വരി നിന്ന ശേഷം വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് ആരോ ചെയ്തെന്ന് മനസ്സിലായി. തുടര്‍ന്ന് അവര്‍ക്ക് ദീര്‍ഘനേരം ബൂത്തില്‍ ഇരിക്കേണ്ടി വരികയും വോട്ട് ചെയ്യാനാകാതെ മടങ്ങി പോവേണ്ടിവരികയും ചെയ്തു.

പുറത്തുവിട്ട ദൃശ്യങ്ങളുടെ ആധികാരികത ഇതുവരെ പരിശോധിച്ചിട്ടില്ല. കാസർകോഡ്, കണ്ണൂർ ജില്ലാ കലക്ടർമാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തോട് സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചില്ല

Exit mobile version