ബിജെപിയുടെയും വലതുപക്ഷ മാധ്യമ കൂട്ട്‌കെട്ടിന്റെയും അപവാദ -നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടും;മുഹമ്മദ് റിയാസ്

കോഴിക്കോട് പ്രദീപ് കുമാര്‍ ജയിച്ചാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരും

കോഴിക്കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് മറിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെയും വലതുപക്ഷ മാധ്യമ കൂട്ട്‌കെട്ടിന്റെയും അപവാദ -നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കോഴിക്കോട് പ്രദീപ് കുമാര്‍ ജയിച്ചാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരും. ഈ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോഴിക്കോട്ടെ ന്യൂനപക്ഷ മേഖലകളില്‍ സിപിഎമ്മിനും അതിന്റെ നേതാക്കള്‍ക്കുമുള്ള സ്വാധീനവും സ്വീകാര്യതയും കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു പ്രചാരണം നടത്തുന്നത് എന്ന് ഡിവൈഎഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി നിഖിലും ആരോപിച്ചു.

റിയാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘ഇന്നലെയും ഇന്നുമായി ചില യുഡിഎഫ് കക്ഷികളുടെ പാര്‍ട്ടി മാധ്യമങ്ങളും ചില ഓണ്‍ലൈന്‍ പത്രങ്ങളും ‘എന്റെ അണികള്‍ ബിജെപിക്ക് വോട്ട് മറിച്ചുവെന്ന’കല്ലു വെച്ച നുണ എന്ന് ഏതൊരാള്‍ക്കും പ്രാഥമികമായി തന്നെ മനസ്സിലാക്കാനാവുന്ന തരത്തിലുള്ള ബിജെപി നേതാവിന്റെ അഭിമുഖവും അവകാശവാദവും പ്രസദ്ധീകരിച്ചിട്ടുണ്ട്.

തികച്ചും വില കുറഞ്ഞതും ദുരപതിഷ്ഠിതവുമായ ഒരു ആക്ഷേപത്തിന് മറുപടി കൊടുക്കേണ്ടതില്ലന്നും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് ഉചിതം എന്നുമാണ് ആദ്യം കരുതിയത്. എന്നാല്‍ ആര്‍ക്കും മനസ്സിലാക്കാനാവുന്ന ഈ നുണ,യുഡിഎഫ് മാധ്യമങ്ങള്‍ കൂടി ഇന്ന് തൊണ്ട തൊടാതെ പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ് നിയമ നടപടി സ്വീകരിക്കാനും അതിനെതിരായി പ്രതികരിക്കാനും തീരുമാനിച്ചത്.

1 )’റിയാസിന്റെ അനുയായികള്‍ ‘എന്ന പരാമര്‍ശം കണ്ടു. ഇടതുപക്ഷ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് ആര്‍ക്കും അനുയായികളില്ല, ഞാനടക്കമുള്ള എല്ലാവരും പ്രസ്ഥാനത്തിന്റെ അനുയായികളും പ്രവര്‍ത്തകരുമാണ്

2 )കോഴിക്കോട് മണ്ഡലത്തില്‍ പലയിടങ്ങളിലും ബിജെപിയുടെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിലയ്ക്ക് വാങ്ങിയെന്ന യാഥാര്‍ത്ഥ്യം സിപിഐ (എം) കോഴിക്കോട് ജില്ലാ സിക്രട്ടറി പുറത്ത് പറഞ്ഞപ്പോള്‍ നിങ്ങളിലുണ്ടായ മാനസിക സംഘര്‍ഷം ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.

3 )കോണ്‍ഗ്രസ്സ് -ബിജെപി ഗൂഢലോചനയുടെയും അവിഹിത -അവിശുദ്ധ കൂട്ടുകെട്ടിന്റെയും ബാക്കി പത്രമാണ് ബിജെപി നേതാവിന്റെ ഈ പ്രസ്താവനയും. യുഡിഎഫ് -ബിജെപി ബന്ധം കയ്യോടെ വെളിവാക്കപ്പെട്ടതിന്റെ വിറളിയില്‍ നിന്ന് ഉണ്ടായതാണ് ‘ആടിനെ പട്ടിയാക്കുന്ന ‘ ഈ അപവാദ പ്രചാരണവും എന്ന് കോഴിക്കോടുകാര്‍ മനസ്സിലാക്കും.

4)അല്‍പ്പമെങ്കിലും രാഷ്ട്രീയ മാന്യത നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളെ വന്നു കണ്ടു എന്ന് പറയുന്നവരുടെ പേരു വിവരം പുറത്ത് വിടാന്‍ നിങ്ങളെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. രാഷ്ട്രീയ സത്യസന്ധതയും മാന്യതയും നിങ്ങളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന ഒരാള്‍ തന്നെ കഴിഞ്ഞ ദിവസം കേരളത്തെ പറ്റി പറഞ്ഞ നുണ പ്രാചാരണം ഞങ്ങള്‍ കണ്ടതാണ്

നിങ്ങള്‍ എങ്ങനെയൊക്കെ യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഞങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും എന്ന് ഓര്‍മിപ്പിക്കുന്നു.’

Exit mobile version