യാത്ര ബോധപൂര്‍വ്വം മുടക്കി, പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതും ചെയ്തില്ല; കല്ലട ബസിനെതിരെ വീണ്ടും ആരോപണവുമായി യുവാവ്

ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മടക്കയാത്ര കല്ലട ബസ് ജീവനക്കാര്‍ ബോധപൂര്‍വം മുടക്കിയതായാണ് പരാതി.

ആലപ്പുഴ; കല്ലട ബസിനെതിരെ വീണ്ടും ആരോപണവുമായി യുവാവ് രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നു നാട്ടിലേക്കു പുറപ്പെട്ട മലയാളികള്‍ക്കാണു ദുരനുഭവം ഉണ്ടായത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മടക്കയാത്ര കല്ലട ബസ് ജീവനക്കാര്‍ ബോധപൂര്‍വം മുടക്കിയതായാണ് പരാതി.

സംഭവം ഇങ്ങനെ…

കായംകുളം സ്വദേശി എഎം സത്താറിനാണ് കല്ലട ബസ് അധികൃതരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ബംഗളൂരുവില്‍ നിന്നു ഭാര്യാസഹോദരനൊപ്പം സത്താര്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച നാട്ടിലേക്കു മടങ്ങിയതായിരുന്നു. മൈസൂരില്‍ എത്തുംമുന്‍പ് കല്ലട ബസിന്റെ എസി കേടായി. യാത്രക്കാര്‍ ബഹളമുണ്ടാക്കിയതോടെ വാഹനം നിര്‍ത്തി. മൈസൂരില്‍ എത്തിയാല്‍ പുതിയ ബസ് തയ്യാറാണെന്നു ജീവനക്കാര്‍ പറഞ്ഞു.

തുടര്‍ന്ന് ചൂട് സഹിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അന്‍പത് കിലോമീറ്ററോളം ആ ബസില്‍ വീണ്ടും യാത്ര ചെയ്തു. മൂന്നുമണിക്കൂറോളം യാത്രക്കാര്‍ മൈസൂരില്‍ കാത്തിരുന്നു. രാത്രി ഒന്‍പതു മണിയായിട്ടും ബസ് വന്നില്ല. പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതും ചെയ്തില്ല.

ബസിന്റെ എസി തകരാറിലായെന്നതു ജീവനക്കാരുടെ തന്ത്രമായിരുന്നെന്നാണു യാത്രക്കാര്‍ പറയുന്നത്. കേരളത്തിലേക്കു കടന്നാല്‍ പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞു യാത്ര ബോധപൂര്‍വ്വം മുടക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്നു തന്നെ യാത്ര റദ്ദാക്കിയിരുന്നെങ്കില്‍ പണം തിരികെ നല്‍കേണ്ടി വരും എന്നതിനാലാണു യാത്രക്കാരോട് ഈ ക്രൂരത കാണിച്ചതെന്നാണ് ആരോപണം. ബസ് ചാര്‍ജു മടക്കി നല്‍കാതെ വന്നതോടെ ഇരട്ടിത്തുക ചെലവിട്ടാണു പലരും അന്ന് നാട്ടിലേക്ക് തിരികെ എത്തിയത്.

Exit mobile version