അന്തര്‍സംസ്ഥാന ബസുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടി; ഇന്ന് ഉന്നതതല യോഗം

ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുക്കും.

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടി. ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ പത്തുമണിക്കാണ് യോഗം ചേരുക. ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ഇപ്പോള്‍ ബസുകളില്‍ പരിശോധന ശക്തമാക്കി. പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കുന്നത് കൂടാതെ ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടിയെടുക്കും. ഈ നടപടികള്‍ അവലോകനം ചെയ്യുന്നതിനോടൊപ്പം ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കെതിരെ എങ്ങനെ നടപടി സ്വീകരിക്കുമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

കൂടാതെ, കര്‍ണകാടക, ആന്ധ്രപ്രദേശ്, ഹരിയാന,മഹരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനങ്ങളും കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഗതാഗത കമ്മീഷണറുമായി ചര്‍ച്ച നടത്തിയിട്ടുള്ള വിവരങ്ങള്‍ ഗതാഗത സെക്രട്ടറി യോഗത്തില്‍ അറിയിക്കും.

നിലവില്‍ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവേണറില്‍ വാഹന വ്യാപകമായി കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. വാഹനനിര്‍മ്മാതാക്കളുടെ സഹായത്തടെയാണ് ഈ കൃത്രിമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലുള്ള നടപടിയും ആലോചിക്കും.

Exit mobile version