മോശം പെരുമാറ്റം ഇനി ശ്രദ്ധയില്‍പ്പെട്ടാല്‍ ബസ് സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല; ‘കല്ലട’യുടെ ബസ് കായംകുളത്ത് തടഞ്ഞ് എഐവൈഎഫ് പ്രവര്‍ത്തകര്‍

എഐവൈഎഫ് പ്രവര്‍ത്തകരാണ് ഇന്നലെ കായംകുളത്ത് ബസ് തടഞ്ഞത്.

ആലപ്പുഴ: കായംകുളത്ത് കല്ലടയുടെ ബസ് തടഞ്ഞു. കഴിഞ്ഞ ദിവസം കല്ലട ബസ്‌യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം. എഐവൈഎഫ് പ്രവര്‍ത്തകരാണ് ഇന്നലെ കായംകുളത്ത് ബസ് തടഞ്ഞത്. ബസ് തടഞ്ഞു നിര്‍ത്തിയ ശേഷം ഇവര്‍ ബസിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 15 മിനിട്ടോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

തിരുവനന്തപുരത്ത് നിന്ന് ബംഗലൂരുവിലേക്ക് പുറപ്പെട്ട ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ജീവനക്കാരുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കി എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വെച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയില്‍ വെച്ച് കല്ലട ജീവനക്കാര്‍ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേര്‍ തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

Exit mobile version