കല്ലട ബസിലെ ജീവനക്കാരില്‍ നിന്ന് നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞു; അധ്യാപികയായ മായ മാധവന് ഭീഷണി!

കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും മാനേജര്‍ മൂത്രമൊഴിക്കാന്‍ പോലും പാതിരാത്രി ഓഫീസ് തുറന്നു തന്നില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.

തിരുവന്തപുരം: കല്ലട ബസിലെ ജീവനക്കാരില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ അധ്യാപിക മായ മാധവന് ഭീഷണി. ഫേസ്ബുക്കിലൂടെയാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം യാത്രികരെ മര്‍ദ്ദിച്ചതോടെയാണ് കല്ലടയുടെ ക്രൂരത പുറംലോകം അറിഞ്ഞത്. ശേഷം കല്ലടയിലെ കണ്ണില്ലാത്ത ക്രൂരതകള്‍ വെളിപ്പെടുത്തി നിരവധി പേരാണ് രംഗത്ത് വന്നത്. അതില്‍ ഒരാളാണ് അധ്യാപിക മായ മാധവന്‍.

ഭീഷണിയെ തുടര്‍ന്ന് മായ പോലീസില്‍ പരാതി നല്‍കി. നിയമനടപടികളുമായി മുന്‍പോട്ട് പോകുവാനാണ് തീരുമാനമെന്ന് മായ തുറന്നടിച്ചു. ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മായാ കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ നിന്ന് കല്ലടയുടെ ബസ് ബുക്ക് ചെയ്ത മായക്കും മകള്‍ക്കുംനേരിട്ട അനുഭവമാണ് വെളിപ്പെടുത്തിയത്. ചെന്നൈയില്‍ നിന്ന് രാത്രി 11 മണിക്ക് വരേണ്ടിയിരുന്ന ബസ് പുലര്‍ച്ചെ 5 മണിക്കാണ് എത്തിയത്.

അത്രയും സമയം തമിഴ്‌നാട്ടിലെ ഒരു വിജനമായ ഗ്രാമത്തില്‍ ഭയപ്പെട്ട് മകള്‍ക്കൊപ്പം തനിച്ച് ഇരിക്കേണ്ടി വന്നതായും മായ പറയുന്നു. കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും മാനേജര്‍ മൂത്രമൊഴിക്കാന്‍ പോലും പാതിരാത്രി ഓഫീസ് തുറന്നു തന്നില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഒടുവില്‍ ഗതികെട്ട് ഇരുട്ടിന്റെ മറവില്‍ കാളകള്‍ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മറവിലാണ് മൂത്രമൊഴിച്ചതെന്നും മായ വെളിപ്പെടുത്തി.

പുലര്‍ച്ചയോടടുത്ത് ഒരു വാഹനം വന്ന് അതില്‍ കയറിയെങ്കിലും അതിലെ ജീവനക്കാര്‍ യാത്രക്കാരോട് വളരെ മോശമായാണ് പെരുമാറിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷണത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കും നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരെ ജീവനക്കാര്‍ കേട്ടാലറയ്ക്കുന്ന തെറിയാണ് വിളിച്ചതെന്നും മായ ആരോപിച്ചു.

Exit mobile version