അഞ്ച് ജീവനക്കാര്‍ കൂടി അറസ്റ്റില്‍, കേസ് എടുത്തത് വധശ്രമത്തിന്; കല്ലടയ്ക്ക് കുരുക്ക് മുറുക്കി പോലീസ്

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ആന്ധ്രയിലുമൊക്കെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയം എന്നത് കല്ലട ട്രാവല്‍സ് തന്നെയായിരുന്നു

കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കല്ലട കമ്പനിയുടെ അഞ്ച് ജീവനക്കാര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. വധശ്രമം അടക്കമുള്ള ഗൗരവമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഇതോടെ കല്ലടയുടെ കുരുക്ക് മുറുകിയിരിക്കുകയാണ്.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നുള്ള വിഷ്ണു, കരുനാഗപ്പള്ളിക്കാരന്‍ രാജേഷ്, കൊല്ലം മണ്‍ട്രോതുരുത്തില്‍ നിന്നുള്ള ഗിരിലാല്‍, കോയമ്പത്തൂര്‍കാരന്‍ കുമാര്‍, കാരയ്ക്കല്‍ നിന്നുള്ള അന്‍വര്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. തൃശ്ശൂര്‍ കൊടകരയില്‍ നിന്നുള്ള ജിതിന്‍, ആറ്റിങ്ങല്‍കാരന്‍ ജയേഷ് എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ആന്ധ്രയിലുമൊക്കെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയം എന്നത് കല്ലട ട്രാവല്‍സ് തന്നെയായിരുന്നു. എന്നാല്‍ കേട്ടാല്‍ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് പലരും പുറത്ത് വിടുന്നത്. കേടായ ബസിന് പകരം പുതിയ ബസ് തേടിയതിനാണ് ജീവനക്കാര്‍ ചേര്‍ന്ന് യാത്രികരെ അതിക്രൂരമായി മര്‍ദ്ദിച്ചത്. സംഭവം പുറത്ത് വന്നതിനു പിന്നാലെ പ്രതിഷേധവുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. ട്രോള്‍ പൂരമാണ് കല്ലടയ്ക്ക് സമ്മാനിക്കുന്നത്. കല്ലടയ്ക്ക് കൊല്ലട, തല്ലട എന്നീ പേരുകളും ട്രോളന്മാര്‍ നല്‍കിയിരുന്നു.

Exit mobile version