ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടു കൊണ്ടാണ് കല്ലട ബസില്‍ യാത്ര ചെയ്യുന്നത്; കഴുത്തറക്കുന്ന നിരയ്ക്കുമായി ഓടുന്ന കല്ലട ബസിനെതിരെ യാത്രക്കാര്‍!

ബസില്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് നിരവധി യാത്രക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.

ബംഗളൂരു: കല്ലടയിലെ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ദിവസം കല്ലട ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതോടെ കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ബസില്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് നിരവധി യാത്രക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടു കൊണ്ടാണ് കല്ലട ട്രാവല്‍സിന്റെ ബസില്‍ യാത്ര ചെയ്യുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേരാണ് കല്ലട ബസിനെതിരെ ആരോപണവുമായി വരുന്നത്. ഉത്സവ സീസണുകളില്‍ വിമാന ടിക്കറ്റിനെ കടത്തിവെട്ടുന്ന, യാത്രക്കാരുടെ കഴുത്തറക്കുന്ന നിരക്കുമായാണ് കല്ലട ഓടുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പായുന്ന കുത്തക സ്വകാര്യ ബസ് സര്‍വ്വീസുകളിലൊന്നാണ് കല്ലട.

നാട്ടിലെത്താനും തിരിച്ച് ബംഗളൂരുവിലെത്താനും മറ്റുവഴികളില്ലാതെ കല്ലടയില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണെന്നാണ് യാത്രക്കാര്‍ വ്യക്തമാക്കുന്നത്. നവമാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ ഒന്നടങ്കം പറയുന്ന കാര്യവും ഇത് തന്നെയാണ്. തങ്ങള്‍ എങ്ങനെയൊക്കെ ഓടിയാലും യാത്രക്കാരെ ചീത്തപറഞ്ഞാലും ആളുകള്‍ കയറിക്കോളുമെന്നുള്ള ധാരണയാണ് അവര്‍ക്കെന്ന് ഭൂരിഭാഗം യാത്രക്കാരും പറയുന്നു. മറ്റു യാത്രമാര്‍ഗങ്ങളില്ലാതെ ബംഗളൂരുവില്‍ നിന്നുള്ള മലയാളികള്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുകയാണെന്നും, നിവൃത്തി കേടു കൊണ്ടാണ് ഇത്തരം ബസുകളില്‍ യാത്ര ചെയ്യേണ്ടി വരുന്നതെന്നും യാത്രക്കാര്‍ പുറയുന്നു.

അവധിക്കാലയാത്രക്കാരെ കൊള്ളയടിക്കുന്നത് സ്വകാര്യ ബസുകളുടെ സ്ഥിരം പതിവാണ്. ഇക്കഴിഞ്ഞ വിഷു ഈസ്റ്റര്‍ അവധിദിനത്തോടനുബന്ധിച്ച് 1500 രൂപ മുതല്‍ 3500 രൂപവരെയാണ് ബംഗളൂരുവില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്വകാര്യബസുകള്‍ നിരക്ക് ഉയര്‍ത്തിയിരുന്നത്.

ഓണത്തിനും ക്രിസ്മസിനും 4000 രൂപവരെയായിരുന്നു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാന്‍ ബംഗളൂരുവില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ കേരള ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്.

കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ വെച്ച് യാത്രക്കാരെ കല്ലടയിലെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. യാത്രാമധ്യേ ബസ് വഴിയില്‍ മണിക്കൂറുകളോളം പിടിച്ചിട്ടതിന്റെ കാരണമന്വേഷിച്ച യുവാക്കളെയാണ് ഗുണ്ടകളെത്തി ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ബസ് വഴിയരികില്‍ രാത്രിയില്‍ ദീര്‍ഘനേരം പിടിച്ചിടുകയും അതിന്റെ കാരണം വ്യക്തമാക്കാതിരിക്കുകയും ചെയ്തപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാര്‍ ജീവനക്കാരോട് കാര്യം അന്വേഷിക്കുകയായിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടി പറയാന്‍ ജീവനക്കാര്‍ തയ്യാറായില്ല, തുടര്‍ന്ന് കാരണം ചോദിച്ച യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു.

Exit mobile version